ന്യൂഡല്‍ഹി: റണ്‍വെയാണെന്നു കരുതി ഇന്‍ഡിഗോയുടെ യാത്രാ വിമാനം റോഡിലൂടെ താഴ്ന്നു പറന്ന സംഭവത്തില്‍ രണ്ട് പൈലറ്റുമാരുടെ ജോലി തെറിച്ചു. ഫെബ്രുവരി 27ന് ജെയ്പുരിലാണ് സംഭവം. അഹ്മദാബാദില്‍നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം ജെയ്പുര്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകള്‍ മാത്രം അവശേഷിക്കെയാണ്സംഭവം. വിമാനം നിലത്തോടടുക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കേണ്ട കോക്പിറ്റിലെ സംവിധാനം (ഇ.ജി.പി.ഡബ്ള്യു.എസ് )പെട്ടെന്ന് ഓഫ് ആയതാണ് ഇതിന് കാരണമായി പറയുന്നത്.
എന്നാല്‍, റോഡിലേക്ക് കൂടുതല്‍ അടുക്കവെ ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് ഉയര്‍ന്നു പറന്ന് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റുമാരുടെ ലൈസന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ റദ്ദാക്കി. 180 സീറ്റുകള്‍ ഉള്ള യാത്രാവിമാനങ്ങളാണ് ഇന്‍ഡിഗോയുടേത്.
6ഇ -237 വിമാനത്തില്‍ ഇ.ജി.പി.ഡബ്ള്യു.എസ് സംവിധാനം ഒരുക്കിയിരുന്നതായും ക്യാപ്റ്റന്‍ ഇന്‍ കമാന്‍ഡ് സമയോചിതമായി ഇടപെട്ട് മുന്‍കരുതല്‍ നടപടികള്‍ എടുത്തതിനാല്‍ ദുരന്തം ഒഴിവായെന്നുമാണ് ഇന്‍ഡിഗോ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ ഏവിയേഷന്‍ കണ്‍ട്രോളര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ മാസം ആദ്യത്തില്‍ വഡോദരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് 177 യാത്രക്കാരുമായി പറന്ന മറ്റൊരു ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി ഇറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.