തുറന്ന കോടതിയില്‍ തുറന്ന മനസ്സ് –സുപ്രീംകോടതി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പുന:പരിശോധനാ ഹരജി തുറന്ന കോടതിയില്‍ വാദത്തിനെടുക്കാന്‍ കേരള സര്‍ക്കാറും സൗമ്യയുടെ അമ്മയും ആവശ്യപ്പെടുംമുമ്പേ തങ്ങള്‍ ഉത്തരവിട്ടതാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. തങ്ങളുടെ വിധിയില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ അത് തിരുത്താനുള്ള തുറന്ന മനസ്സോടെയാണ് ബെഞ്ച് ഈ തീരുമാനമെടുത്തതെന്നും കൂടെയുള്ള ജസ്റ്റിസുമാരായ പ്രഫുല്ല സി. പന്ത്, യു.യു. ലളിത് എന്നിവരെ നോക്കി ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച ഉച്ചവരെ സമയം ലഭിച്ചിട്ടും കേസ് പഠിക്കാതെ അഭിഭാഷകര്‍ സമയം പാഴാക്കിയതില്‍ ജസ്റ്റിസ് ഗൊഗോയ് അതൃപ്തി തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. കേസ് പഠിക്കാന്‍ അഭിഭാഷകരായ കെ.ടി.എസ്. തുളസിയും ഹുദൈഫ് അഹ്മദിയും സമയം ചോദിച്ചൂവെന്ന് കേസ് 17ലേക്ക് മാറ്റിവെച്ച് പുറത്തിറക്കിയ ഉത്തരവില്‍ ജസ്റ്റിസ് ഗൊഗോയ് പ്രത്യേകം രേഖപ്പെടുത്തി.

സൗമ്യ കേസിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ സുരേശന്‍, അന്വേഷണ ഉദ്യോഗസ്ഥ ഡി.ജി.പി ബി. സന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രോസിക്യൂഷന്‍ കേസിനെ ദുര്‍ബലമാക്കിയെന്ന സുപ്രീം കോടതി വിമര്‍ശം. അതിനിടെ, കോടതിയില്‍ ആദ്യം മുന്‍നിരയില്‍ അഭിഭാഷകര്‍ക്കൊപ്പമിരുന്ന ഡി.ജിപി ബി. സന്ധ്യയെ അഭിഭാഷകരുടെ കസേരയില്‍നിന്ന് പിറകില്‍ കേസിലെ കക്ഷികള്‍ക്കുള്ള കസേരയിലേക്ക് മാറിയിരിക്കാന്‍ സുരക്ഷാ ജീവനക്കാരി ആവശ്യപ്പെട്ടു. അവരെ അവിടെക്കൊണ്ടുപോയി ഇരുത്തിയ അഭിഭാഷകന്‍ ഡി.ജി.പിയാണെന്ന് പറഞ്ഞുനോക്കിയെങ്കിലും ജഡ്ജിമാര്‍ കര്‍ക്കശക്കാരാണെന്നും അനുവദിക്കില്ളെന്നും പറഞ്ഞ് മാറ്റിയിരുത്തി. പിറകിലിരുന്ന് സന്ധ്യ മൊബൈല്‍ നോക്കുന്നതുകണ്ട് സുരക്ഷാചുമതലയുള്ള വനിതാ കോണ്‍സ്റ്റബ്ള്‍ വീണ്ടും ഇടപെട്ടു. മൊബൈല്‍ കോടതിക്ക് പുറത്തുവെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന അഭിഭാഷകന്‍ അത് തന്‍െറ മൊബൈലാണെന്ന് പറഞ്ഞാണ് സന്ധ്യയുടെ രക്ഷക്കത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.