ശിരുവാണി അണക്കെട്ടിനെതിരെ തമിഴ്നാട് നിയമസഭാ പ്രമേയം

ചെന്നൈ: ശിരുവാണി നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. അണ്ണാഡി.എം.കെ സര്‍ക്കാറിന്‍െറ ആദ്യ നിയമസഭാ സമ്മേളനം അവസാനിച്ച വെള്ളിയാഴ്ച മുഖ്യമന്ത്രി ജയലളിത അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്താങ്ങി. തമിഴ്നാടുമായി തര്‍ക്കമുള്ള ശിരുവാണി, കാവേരി നദികളില്‍ അണക്കെട്ട് ഉയര്‍ത്താനുള്ള കേരള, കര്‍ണാടക സര്‍ക്കാറുകളുടെ നീക്കം തടയണമെന്ന് പ്രമേയം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ജയലളിത, പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. നിയമവഴി സ്വീകരിക്കാന്‍ ജയലളിത സര്‍ക്കാറിനോട് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടു. അഗളി വില്ളേജിലെ ചിറ്റൂരില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള അട്ടപ്പാടി വാലി ഇറിഗേഷന്‍ ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ പാരിസ്ഥിതിക അനുമതി പഠനത്തിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നല്‍കിയിരുന്നു. എഴുപതുകളില്‍ തയാറാക്കിയ പദ്ധതി തമിഴ്നാടിന്‍െറ എതിര്‍പ്പുമൂലം തടസ്സപ്പെട്ടിരിക്കെയാണ് പുനരുജ്ജീവിപ്പിക്കാന്‍ കേരളം ശ്രമിക്കുന്നത്. വിദഗ്ധ സമിതിയുടെ തീരുമാനം കേരളത്തിന് അനുകൂലമായി.

എന്നാല്‍, കേന്ദ്രമന്ത്രാലയം തമിഴ്നാടിന് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടില്ളെന്ന് ജയലളിത നിയമസഭയില്‍ വ്യക്തമാക്കി.
പദ്ധതിക്കെതിരെ കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളിലെ കര്‍ഷക സംഘടനകള്‍  പ്രക്ഷോഭത്തിലാണ്. ഡി.എം.കെയുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ ശനിയാഴ്ച ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.