കശ്​മീർ സർവകക്ഷി സന്ദർശനം: രാജ്​നാഥ്​ സിങ്​ പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: കശ്​മീരിൽ സര്‍വകക്ഷിസംഘം നടത്തിയ സന്ദര്‍ശനം ഫലംകാണാത്ത സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അനുനയത്തിന്‍െറയും പ്രശ്നപരിഹാരത്തിന്‍െറയും വഴിതുറക്കാന്‍ കഴിയാതെയാണ്  രാജ്നാഥ്സിങ്ങിന്‍െറ നേതൃത്വത്തിലുള്ള പാര്‍ലമെൻറിെൻറ സര്‍വകക്ഷിസംഘം തിങ്കളാഴ്​ച വൈകിട്ട്​ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.  പ്രധാന വിഘടനവാദി വിഭാഗമായ ഹുര്‍റിയത് കോണ്‍ഫറന്‍സ്   സര്‍വകക്ഷി സംഘത്തിന് മുഖം കൊടുത്തില്ല.

സര്‍വകക്ഷി സംഘം യോഗം ചേര്‍ന്ന് സന്ദര്‍ശന റിപ്പോര്‍ട്ട് തയാറാക്കി ഇതി​െൻറ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് യാത്ര പുറപ്പെടുന്നതിനു മുമ്പ് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാല്‍, ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനി അനുനയത്തിന്‍െറ വാതില്‍ ആര്‍ക്കും തുറന്നുകൊടുക്കാതിരുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമാനം തെറ്റിച്ചു.

സര്‍വകക്ഷി സംഘത്തിന്‍െറ യാത്രക്കുശേഷം, മുമ്പ് ചെയ്തിട്ടുള്ളതുപോലെ മധ്യസ്ഥ സമിതിയെ നിയോഗിക്കാം എന്നായിരുന്നു സര്‍ക്കാറിലെ ധാരണ. ഹുര്‍റിയതുമായി ചര്‍ച്ച നടന്നില്ലെങ്കിലും, അതാണ് സര്‍ക്കാറിനു മുന്നിലെ പ്രധാന വഴി. എന്നാല്‍, കശ്മീര്‍ മുമ്പെന്നത്തേക്കാള്‍ ഗൗരവതരമായ സ്ഥിതിയാണ് നേരിടുന്നതെന്ന് സര്‍വകക്ഷി സംഘാംഗങ്ങള്‍തന്നെ വിലയിരുത്തുന്നു. കശ്മീര്‍ ജനത പൂര്‍ണമായിത്തന്നെ അന്യതാബോധത്തിലാണ്.
തുടക്കത്തില്‍ വിഷയം കൈകാര്യം ചെയ്തതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരുപോലെ പാളി.സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍തന്നെ സമവായമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിനൊപ്പമാണ് ഹുര്‍റിയത് കോണ്‍ഫറന്‍സ് മുമ്പൊരിക്കലുമില്ലാത്ത വിധം, പ്രതിപക്ഷ നേതാക്കളെപോലും അടുപ്പിക്കാതിരുന്നത്. ഇനിയെന്ത് എന്ന ചോദ്യം ബാക്കിയാക്കുന്നതാണ് ഈ സാഹചര്യങ്ങള്‍. സാന്ത്വന നയത്തിലൂടെ വിഘടനവാദികളുമായി അടുപ്പം പുലര്‍ത്തിയിരുന്ന പി.ഡി.പി, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി ചേര്‍ന്നതോടെ കശ്മീര്‍ ജനതയില്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളോട് കടുത്ത അവിശ്വാസം നിലനില്‍ക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.