ജെ.എന്‍.യു ചെങ്കോട്ട തന്നെ, ഡല്‍ഹി വാഴ്സിറ്റി എ.ബി.വി.പി നിലനിര്‍ത്തി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഇടതു വിദ്യാര്‍ഥി പക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത്. സെപ്റ്റംബര്‍ ഒമ്പതിന് നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ (എം.എല്‍-ലിബറേഷന്‍)യുടെ വിദ്യാര്‍ഥി സംഘടനയായ അഖിലേന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷ(ഐസ)നും എസ്.എഫ്.ഐയും ചേര്‍ന്ന് രൂപവത്കരിച്ച ഇടതു സഖ്യം ജയിച്ചു. ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ബാപ്സ) മികച്ച പ്രകടനത്തോടെ രണ്ടാമതത്തെിയപ്പോള്‍ എ.ബി.വി.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ജെ.എന്‍.യുവില്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടന്ന 18 കൗണ്‍സിലര്‍ സീറ്റുകളില്‍ ഐസ-എസ്.എഫ്.ഐ സഖ്യം 15 സീറ്റും എസ്.എഫ്.ഐയില്‍നിന്നു പുറത്തുവന്നവര്‍ രൂപവത്കരിച്ച ഡി.എസ്.എഫ്, എ.ബി.വി.പി, എന്‍.എസ്.യു എന്നിവര്‍ ഓരോ സീറ്റും നേടി. പ്രസിഡന്‍റായി ഐസ-എസ്.എഫ്.ഐ സ്ഥാനാര്‍ഥി മൊഹിത് കുമാര്‍ പാണ്ഡേ മുന്നിട്ടുനില്‍ക്കുന്നു. ബാപ്സയുടെ സോന്‍പിമ്പിള്‍ രാഹുല്‍ പുനറാം ആണ് രണ്ടാം സ്ഥാനത്ത്. വൈസ് പ്രസിഡന്‍റായി മലയാളിയായ പി.പി. അമല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒരുകാലത്ത് എസ്.എഫ്.ഐയുടെ കോട്ടയായിരുന്ന സര്‍വകലാശാല യൂനിയനില്‍ ഐസയുടെ മുന്നേറ്റത്തോടെ പിന്തള്ളപ്പെട്ട എസ്.എഫ്.ഐയുടെ തിരിച്ചുവരവിനും ഈ ജയത്തോടെ വഴിയൊരുങ്ങി. ജനറല്‍ സെക്രട്ടറിയായി ഇടതു സഖ്യത്തിലെ ശതരൂപ ചക്രവര്‍ത്തി വിജയിച്ചു. ഇതേ സഖ്യത്തിലെ തബ്രേസ് ഹസനാണ് ജോ. സെക്രട്ടറി.  ഒരു ജനറല്‍ സീറ്റ് നഷ്ടമായെങ്കിലും പോയവര്‍ഷം അടക്കി ഭരിച്ച ഡല്‍ഹി സര്‍വകലാശാല യൂനിയന്‍ നിലനിര്‍ത്താന്‍  എ.ബി.വി.പിക്കായി.

കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്‍സ് യൂനിയന്‍ (എന്‍.എസ്.യു) ഒരു സീറ്റ് നേടി. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റായി അമിത് തന്‍വാര്‍, വൈസ് പ്രസിഡന്‍റായി പ്രിയങ്ക ഛബ്രി, സെക്രട്ടറിയായി അങ്കിത് കുമാര്‍ സംഗ്വാന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജോയന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക്  എന്‍.എസ്.യുവിന്‍െറ മോഹിത് ഗ്രെയ്ഡ് വിജയിച്ചു. നാല് ജനറല്‍ സീറ്റുകളിലേക്ക് 91 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. പ്രചാരണം പതിവുപോലെ പണം വാരി വിതറിയുമായിരുന്നു. എന്നാല്‍, ഇക്കുറി വോട്ടിങ് ശതമാനം 36.9 ശതമാനം മാത്രമായി ഒതുങ്ങി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.