ജിഗ്നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തത് മോദിയുടെ യോഗത്തില്‍ പ്രതിഷേധിക്കുമെന്ന് ഭയന്ന്

ന്യൂഡല്‍ഹി: ഉനയിലെ ദലിത് മുന്നേറ്റ നായകന്‍ അഡ്വ. ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കരുതല്‍ തടങ്കലിലെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിച്ചതിന്. ഡല്‍ഹിയില്‍ ദലിത് സ്വാഭിമാന സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിയ ജിഗ്നേഷിനെ അഹ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങവെ യൂനിഫോമില്ലാത്ത പൊലീസുകാരത്തെിയാണ് പിടിച്ചുകൊണ്ടുപോയത്. എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന്വെളിപ്പെടുത്താന്‍ കൂട്ടാക്കാതെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തശേഷം അര്‍ധരാത്രിയോടെ വിട്ടയച്ചെങ്കിലും പിന്നീട് വീട്ടുതടങ്കലിലാക്കുകയായിരുന്നു.

ശനിയാഴ്ച പിറന്നാള്‍ ആഘോഷത്തിനായി മോദി എത്തുന്നതിനു മുമ്പായാണ് മേവാനിയെ കസ്റ്റഡിയിലെടുത്തത്. കസേരകള്‍ പറക്കുന്നത് താന്‍ സ്വപ്നം കണ്ടു എന്ന് ഫേസ്ബുക്കിലെഴുതുകയും പ്രസംഗിക്കുകയും ചെയ്തത് ഏതോ പ്രതിഷേധപരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിന്‍െറ ഭാഗമായാണ് പൊലീസ് കണക്കാക്കിയത്. കഴിഞ്ഞയാഴ്ച സൂറത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ വന്‍ പ്രതിഷേധമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ യോഗത്തില്‍ മോദി ഗുജറാത്ത് വിടുന്നതുവരെ പുറത്തുപോകാന്‍ അനുവദിക്കില്ളെന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചിരുന്നതെങ്കിലും  വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുങ്ങുന്നുവെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു.

പിന്നീട് ദോല്‍കയില്‍ ദലിതുകളുടെ ഭൂമി അവകാശസമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട മേവാനിയെ വന്‍ പൊലീസ് സംഘമാണ് അനുഗമിച്ചത്. തന്നെ വിട്ടയച്ചുവെന്നും കശ്മീരില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം പര്‍വേശിനും ഛത്തിസ്ഗഢില്‍ പൊലീസ് പിടികൂടിയ പത്രപ്രവര്‍ത്തകന്‍ പ്രഭാത് സിങ്ങിനും വേണ്ടി ശബ്ദമുയര്‍ത്തണമെന്നും ഗുജറാത്തിലെ ഗോരക്ഷകര്‍ അടിച്ചുകൊന്ന മുഹമ്മദ് അയ്യൂബിന്‍െറ കുടുംബത്തിനൊപ്പം അണിനിരക്കണമെന്നും മേവാനി സന്ദേശത്തില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.