പാകിസ്താനെതിരെ യു.എന്‍ വേദിയില്‍ ആഞ്ഞടിച്ച് ഇന്ത്യ

ജനീവ: ഭീകരവാദത്തിനെതിരെ പാകിസ്താന് ശക്തമായ താക്കീത് നല്‍കി ഇന്ത്യ. ഭീകരവാദത്തിനും ഭീകരവാദികള്‍ക്കും പിന്തുണ നല്‍കുന്ന പാകിസ്താന്‍ നയം അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍  ഇടപെടരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിന്‍െറ 33ാം സെഷനിലാണ് ഇന്ത്യ ഈ അഭ്യര്‍ഥന മുന്നോട്ടുവെച്ചത്. പാക് അധീന കശ്മീരിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിയുക,  ബലൂചിസ്താന്‍, ഖൈബര്‍ പഷ്തൂണ്‍ഖ, സിന്ധ് എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളും ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യ ഉന്നയിച്ചു. 

പാകിസ്താന്‍ തുടര്‍ച്ചയായി ക്ഷമ പരീക്ഷിക്കുകയാണ്. ജമ്മു-കശ്മീരിനെപ്പറ്റി തുടര്‍ച്ചയായി കെട്ടിച്ചമച്ച വസ്തുതകളും തെറ്റായ വിവരങ്ങളും നല്‍കി മനുഷ്യാവകാശ കൗണ്‍സിലിന്‍െറ വിവേകത്തെ അവര്‍ ചോദ്യം ചെയ്യുന്നു.1947 മുതല്‍ കശ്മീരില്‍ പാകിസ്താന് നോട്ടമുണ്ട്. 1947, 1965, 1999 വര്‍ഷങ്ങളില്‍ അവര്‍ നടത്തിയ ആക്രമണങ്ങള്‍ ഇതിനു തെളിവാണ്. ഇതുവരെ ജമ്മു-കശ്മീരിലെ 78000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാകിസ്താന്‍ അനധികൃതമായും ബലപ്രയോഗത്തിലൂടെയും കൈയേറിയിട്ടുണ്ട്.

പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് കശ്മീരിലെ അസ്വാസ്ഥ്യങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം. ബലൂചിസ്താനിലെ ജനങ്ങള്‍ കാലങ്ങളായി അവര്‍ നേരിടുന്ന നിരന്തര പീഡനങ്ങള്‍ക്കെതിരെ പോരാട്ടത്തിലാണ്.  ഹിന്ദു, ക്രിസ്ത്യന്‍, ശിയ, അഹമ്മദിയ്യ, ഇസ്മായിലി  തുടങ്ങിയ വിഭാഗങ്ങളാണ് അവിടെ  പീഡനങ്ങള്‍ക്കിരയാകുന്നതെന്ന് ഇന്ത്യ ആരോപിച്ചു. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ സൈനിക അതിക്രമങ്ങള്‍ മൂലം ദശലക്ഷത്തോളം ആളുകള്‍ക്ക് കുടിയൊഴിഞ്ഞുപോകേണ്ടി വന്നിട്ടുണ്ട്. മറ്റെവിടെയെങ്കിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു പിന്നാലെ പോകാതെ സ്വന്തം കാര്യങ്ങള്‍ ശരിയാക്കുകയാണ് പാകിസ്താന്‍  ആദ്യം ചെയ്യേണ്ടതെന്നും ഇന്ത്യ കൗണ്‍സിലില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.