മലിനജലം കുടിച്ച് ഗുജറാത്തിൽ 25 ഒട്ടകങ്ങൾക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ മലിനജലം കുടിച്ച് 25 ഒട്ടകങ്ങൾക്ക് ദാരുണാന്ത്യം. കച്ചിപുര ​ഗ്രാമത്തിലെ കുളത്തിൽ നിന്ന് വെള്ളം കുടിച്ച ഒട്ടകങ്ങളാണ് ചത്തത്. കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന പ്രദേശമാണിത്. ക്രൂഡ് ഓയിൽ പൈപ്പ് ലൈനിന്റെ ചോർച്ച കാരണം മലിനമായ വെള്ളമാണ് ഒട്ടകങ്ങൾ കുടിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു.

കച്ചിപുരയിലെ ഗ്രാമവാസികൾ കന്നുകാലികളെ മേയ്ക്കുന്ന മാൽധാരി സമുദായത്തിൽ പെട്ടവരാണ്. ഒട്ടകങ്ങളും ഇവരുടെ ഉപജീവനമാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. സ്വകാര്യ വിതരണക്കാരിൽ നിന്നായിരുന്നു ഇവർ കുടിവെള്ളം ശേഖരിച്ചിരുന്നത്. രണ്ടു മാസമായി ഇത് നിലച്ചിരിക്കുകയാണ്. ഞായറാഴ്ച ഗ്രാമവാസികൾ ഒട്ടകങ്ങളെ അഞ്ച് കിലോമീറ്റർ അകലെയുള്ള ചഞ്ച്വെൽ തടാകത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, വഴിമധ്യേ ഒരു ജലാശയത്തിൽ നിന്ന് ഒട്ടകങ്ങൾ വെള്ളം കുടിച്ചു. പിന്നീട് അവ ചത്തു വീഴുന്നതാണ് കണ്ടതെന്ന് ഗ്രാമവാസികൾ പറഞ്ഞു. 30 ഒട്ടകങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവയിൽ 25 ഒട്ടകങ്ങൾ ചത്തു. ശേഷിക്കുന്നവ ചികിത്സയിലാണ്. മതിയായ കുടിവെള്ള വിതരണം ഏർപ്പെടുത്തണമെന്ന് ഗ്രാമവാസികൾ സർക്കാരിനോട് ആവർത്തിച്ച് അഭ്യർഥിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് സാമൂഹിക പ്രവർത്തകനായ മുസാഭായ് അലി കച്ചി പറഞ്ഞു.

അതേസമയം, സമീപത്തെ ഒരു രാസവ്യവസായ സ്ഥാപനങ്ങളും മലിനീകരണത്തിന് കാരണമായതായി കണ്ടെത്താനായിട്ടില്ലെന്നാണ് ബറൂച്ചിലെ മലിനീകരണ നിരീക്ഷണ വിഭാഗത്തിന്റെ റീജിയനൽ ഓഫീസർ മാർഗി പട്ടേലിന്റെ വാദം.

Tags:    
News Summary - 25 camels die after drinking polluted water in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.