ലഖീംപൂർ: ഉത്തർപ്രദേശിലെ ലഖീംപൂരിൽ 20 ദിവസത്തിനിടെ മൂന്നാമത്തെ പെൺകുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ലഖീംപൂർ ഖേരിയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കരിമ്പിൻ പാടത്ത് ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച മുതൽ കാണാതായിരുന്ന പെൺകുട്ടിയെയാണ് വ്യാഴാഴ്ച രാവിലെ സിങ്കാഹി പ്രദേശത്തെ പാടത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. വീടിന് അരക്കിലോമീറ്റർ അകലെ മാരകമായ പരിക്കുകളോടെയാണ് പെൺകുട്ടിയെ കാണ്ടെത്തിയത്. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലൈംഗിക പീഡനം നടന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഗ്രാമവാസിയായ ലേഖ്റാം എന്നയാൾക്കെതിരെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കുടുംബവുമായുള്ള പഴയ വൈരാഗ്യത്തിൻെറ പേരിൽ ഇയാൾ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
13 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കണ്ണുകൾ ചൂഴ്ന്നെടുത്ത സംഭവത്തിലൂടെയാണ് ലഖീംപൂർ സമീപകാലത്ത് വാർത്തകളിൽ ഇടംപിടിച്ചത്. ദിവസങ്ങൾ പിന്നിടും മുമ്പ് സ്കോളർഷിപ്പ് ഫോം പൂരിപ്പിക്കാനായി വീട്ടിൽ നിന്നിറങ്ങിയ 17കാരിയും ബലത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഗ്രാമത്തിൽ നിന്നും 200 മീറ്റർ അകലെ കുളത്തിന് സമീപത്താണ് വികൃതമാക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണം തുടരുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ലഖീംപൂർ ഖേരി എസ്.പി സത്യേന്ത്രകുമാർ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില ആകെ താറുമാറായെന്ന് ആരോപിച്ച് യോഗി ആദിത്യനാഥ് സർക്കാറിനെതിരെ പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും സമാജ്വാദി പാർട്ടിയും രംഗത്ത് വന്നിരുന്നു.
സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുമെതിരായ അതിക്രമം കൂടിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന പ്രത്യേക സംഘടനക്ക് രൂപം നൽകിയിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുകയുമാകും ഇവരുടെ കർത്തവ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.