മുംബൈ: കഴിഞ്ഞ എട്ടു മാസത്തിനിടെ മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിൽ ആത്മഹത്യ ചെയ്തത് 580 കർഷകർ. കഴിഞ്ഞ 15 ദിവസത്തിനിടെ 49 പേരാണ് ജീവനൊടുക്കിയത്. ആവശ്യത്തിന് മഴ ലഭിക്കാത്തതും വിളവെടുപ്പിലെ പരാജയവുമാണ് മുഖ്യകാരണം. 75 ശതമാനത്തിൽ താഴെയാണ് ഇത്തവണ സംസ്ഥാനത്തെ കൃഷിമേഖലകളിൽ മഴ ലഭിച്ചത്.
മൂന്ന് ലക്ഷം ഹെക്ടർ കൃഷിയിടങ്ങളെ ഇത് സാരമായി ബാധിച്ചതായാണ് പ്രാഥമിക നിഗമനം. 55 താലൂക്കുകളിൽ 50 ശതമാനത്തിൽ താഴെയും 140 താലൂക്കുകളിൽ 75 ശതമാനത്തിൽ താഴെയുമാണ് മഴ ലഭിച്ചതെന്നാണ് കണക്ക്.
മറാത്ത്വാഡ, വിദർഭ മേഖലയിലെ താലൂക്കുകളിലാണ് മഴ ആവശ്യത്തിന് ലഭിക്കാത്തത്. വിളവെടുപ്പിലെ പരാജയവും മഴ ലഭിക്കാത്തതും മാത്രമല്ല; കാർഷിക ഉൽപന്നങ്ങളുടെ അടിസ്ഥാന വില ഉയർത്താത്തതും കർഷക ആത്മഹത്യക്ക് കാരണമായതായി സ്വാഭിമാൻ ശേത്കാരി സംഘടന ആരോപിച്ചു. സ്ഥിതി ഗുരുതരമാണെന്നും കർഷകരിലെ നിരാശ ഭയപ്പെടുത്തുന്നുവെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. ജില്ലാ കലക്ടർമാർക്ക് ജാഗ്രത നിർദേശം നൽകിയതായി സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.