ന്യൂഡൽഹി: രാജ്യത്തെ 91 ലോക്സഭ മണ്ഡലങ്ങളിലേക്കും നാലു നിയമസഭകളിലേക്കും വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിനിടെ വ്യാപക അക്രമവും കൊലയും. ഒപ്പം ഒന്നിലേറെ സ്ഥലങ്ങളിൽ ബൂത്ത് പിടിത്തവും നടന്നു. നിയമസഭ തെരഞ്ഞെടുപ്പുകൂടി നടന്ന ആന്ധ്രയിലാണ് കൂടുതൽ അക്രമം. വോെട്ടടുപ്പ് നടന്ന വിവിധയിടങ്ങളിൽ വോട്ടുയന്ത്രം കേടായതായി നിരവധി പരാതികളുയർന്നു. ഒറ്റപ്പെട്ട ബൂത്തുകളിൽ വോട്ട് ചെയ്ത ചിഹ്നത്തിൽനിന്ന് വ്യത്യസ്തമായി ചിത്രം തെളിഞ്ഞതായും പരാതിയുണ്ട്. ആന്ധ്രയിലെ ഗുട്ടിയിലെ പോളിങ് ബൂത്തില്‍ ജനസേന സ്ഥാനാര്‍ഥി മധുസൂദന്‍ ഗുപ്ത കേടായ വോട്ടു യന്ത്രം നിലത്തെറിഞ്ഞു തകര്‍ത്തു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
അക്രമങ്ങളിൽ ആന്ധ്രയിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അനന്ത്പുരിലെ സംഘര്‍ഷത്തിൽ ടി.ഡി.പിയുടെ സിദ്ധഭാസ്കര്‍ റെഡ്ഡിയും, വൈ.എസ്.ആര് നേതാവ് പുല്ല െറഡ്ഡിയുമാണ് കൊല്ലപ്പെട്ടത്. ചിറ്റൂർ ജില്ലയിൽ വൈ.എസ്.ആറിെൻറ ഒരു പ്രവർത്തകനും കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഓർച്ചയിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു മാവോവാദി കൊല്ലപ്പെട്ടു. എസ്.ടി.എഫ് കോൺസ്റ്റബിളിനു പരിക്കേറ്റു.
ആന്ധ്ര സ്പീക്കർ ശിവപ്രസാദ് റാവുവടക്കം പത്തുപേർക്ക് പരിക്കേറ്റു. ടി.ഡി.പി,- വൈ.എസ്.ആര് പ്രവര്‍ത്തകർ പത്തിലേറെ സ്ഥലങ്ങളിൽ ഏറ്റുമുട്ടി. കടപ്പയിലും ജമ്മാലമഡുഗയിലും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു. രണ്ടുസ്ത്രീകള്‍ക്ക് പരിക്കേറ്റു. കടപ്പയില്‍ ടി.ഡി.പി പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തു. നരസറാവുപേട്ടിൽ വൈ.എസ്.ആര് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാര്‍ തടഞ്ഞ് ടി.ഡി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വോട്ടു യന്ത്രത്തിെൻറ തകരാറ് വോട്ടർമാരെ നിരവധി സ്ഥലങ്ങളിൽ വലച്ചു. ഇതുമൂലം സംസ്ഥാനത്തെ മുഖ്യ വരണാധികാരി ഗോപാലകൃഷ്ണ ദ്വിവേദിക്കുപോലും വോട്ട് ചെയ്യാനായില്ല. ഗുണ്ടൂരിലെ തടേപള്ളി നിയോജക മണ്ഡലത്തിലെ വോട്ടറായിരുന്നു ദ്വിവേദി.
വോട്ടു യന്ത്രങ്ങൾ തകരാറായ സ്ഥലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ടി.ഡി.പി ചിഹ്നത്തിനുനേരെ വിരലമർത്തിയാൽ വൈ.എസ്.ആർ കോൺഗ്രസിനാണ് വോട്ട് വീഴുന്നതെന്ന് നായിഡു കുറ്റപ്പെടുത്തി. ആന്ധ്രയിൽ ഉപയോഗിച്ച മൂന്നിെലാന്ന് യന്ത്രങ്ങൾ തകരാറുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, തകരാറായ 381 യന്ത്രങ്ങൾ മാറ്റിയതായും വ്യാപക യന്ത്രത്തകരാറെന്നത് വ്യാജപ്രചാരണമാണെന്നും മുഖ്യ വരണാധികാരി അറിയിച്ചു.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിൽ വൈകീട്ട് ആറു മണിയോടെ 64 ശതമാനം പോളിങ് രേഖപ്പെടുത്തി. സഹാറൻപുരിൽ ഇൗ സമയം 70.68 ശതമാനം വോട്ടെടുപ്പ് നടന്നു. പശ്ചിബംഗാളിലെ കൂച്ച് ബിഹാർ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടതായി ബി.െജ.പി ആരോപിച്ചു. തൃണമൂൽ ഒഴികെ മറ്റാരെയും ബൂത്തുകളിലെത്താൻ അനുവദിച്ചില്ലെന്നാണ് ആരോപണം.
ഒഡിഷ: ആറ് ബൂത്തുകളിൽ വോട്ട് െചയ്യാൻ ആരും എത്തിയില്ല
ഒഡിഷയിലെ മാൽക്കങ്ങിരി ജില്ലയിലെ ചിത്രകോണ്ടയിലെ ആറു ബൂത്തുകളിൽ വോട്ട് െചയ്യാൻ ആരും എത്തിയില്ല. മാവോവാദി ഭീഷണിയെ തുടർന്നാണിതെന്ന് ചീഫ് ഇലക്ട്രൽ ഓഫിസർ പറഞ്ഞു.
ബംഗാളിൽ ഏറ്റുമുട്ടൽ
പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ വോട്ടു യന്ത്രം തട്ടിക്കൊണ്ടുപോയി. ഇതേ മണ്ഡലത്തിൽ ബി.ജെ.പി -തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴുപേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ഷാംലിയിൽ തിരിച്ചറിയൽ കാർഡില്ലാതെ വോട്ടുചെയ്യാനെത്തിയവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നമോ മുദ്ര പതിച്ച ഭക്ഷണപ്പൊതികളിൽ വിതരണം ചെയ്തത് വിവാദമായി.
ബംഗാളിൽ മികച്ച പോളിങ്
തെരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ കൂച്ച് ബിഹാർ, അലിപുർ ദുവർ മണ്ഡലങ്ങളിൽ കനത്ത പോളിങ്. കൂച്ച് ബിഹാറിൽ 81 ഉം അലിപുർദുവറിൽ 81.59 ശതമാനവുമാണ് പോളിങ്
ഇഴഞ്ഞ് നിസാമാബാദ്
179 കർഷകർ മത്സരത്തിനിറങ്ങിയതോടെ 185 സ്ഥാനാർഥികളുമായി റെക്കോഡ് സൃഷ്ടിച്ച തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിൽ വോട്ടെടുപ്പ് വളരെ സാവധാനത്തിലായിരുന്നു. വോട്ടു യന്ത്രത്തിനു പകരം ബാലറ്റ് ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.
12 ബാലറ്റ് യൂനിറ്റുകളാണ് ഓരോ ബൂത്തിലും സ്ഥാപിച്ചത്. അക്ഷരാഭ്യാസമില്ലാത്ത നിരവധി വോട്ടർമാരുള്ള മണ്ഡലത്തിൽ ഒരാൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ ചുരുങ്ങിയത് മൂന്നു മിനിറ്റെടുത്തു.
മാവോവാദി ഭീഷണി ഏശിയില്ല
ഛത്തിസ്ഗഢിൽ മാവോവാദികളുടെ ബഹിഷ്കരണ ഭീഷണി കാറ്റിൽപറത്തി റെക്കോഡ് പോളിങ്. ജഗ്ഡൽപുർ മണ്ഡലത്തിലെ 52ാംനമ്പർ ബൂത്തിലാണ് വോട്ടെടുപ്പ് തീരാൻ മണിക്കൂറുകൾ ശേഷിക്കെ 96 ശതമാനം പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. ജീരഗോൺ മണ്ഡലത്തിെല ബൂത്തിലും ഉയർന്ന വോട്ടെടുപ്പ് നടന്നു- 97.45 ശതമാനം.
ഹൈദരാബാദിൽ 39.49 ശതമാനം
സ്ഥാനാർഥികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഹൈദരാബാദ് ലോക്സഭ മണ്ഡലം കുറഞ്ഞ വോട്ടിങ് ശതമാനത്തിെൻറ പട്ടികയിലേക്ക്. 39.49 ശതമാനമാണ് പോളിങ്. കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 50 ശതമാനമായിരുന്നു പോളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.