ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; നാല് തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു, ബാലറ്റ് പേപ്പറിന് തീയിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. നാലു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഇന്നലെ രണ്ടു പേരും ഇന്ന് രാവിലെ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ദൊംകോളിലുണ്ടായ വെടിവെപ്പിൽ രണ്ടു പ്രവർത്തകർക്ക് പരിക്കേറ്റു. തൃണമൂൽ കോൺഗ്രസ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ മുർഷിദാബാദിലെ ബെൽദംഗയിലാണ് ടി.എം.സി പ്രവർത്തകൻ വെടിയേറ്റ് മരിച്ചത്. കൂച്ച്‌ബിഹാറിലെ തുഫാൻഗുഞ്ചിൽ കുത്തേറ്റാണ് മറ്റൊരു പ്രവർത്തകൻ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖാർഗ്രാമിൽ കുത്തേറ്റും റെജിനഗറിൽ പെട്രോൾ ബോംബ് സ്‌ഫോടനത്തിലുമാണ് രണ്ടുപേർ മരിച്ചത്.

കൂച്ച്ബിഹാറിൽ നടന്ന ആക്രമണത്തിൽ സി.പി.എം പ്രവർത്തകന് പരിക്കേറ്റു. ഒക്രബാരി ഗ്രാമപഞ്ചായത്തിലെ മഹേശ്വരിയിലാണ് സംഭവം. കോൺഗ്രസ് സഖ്യ സ്ഥാനാർഥി അൻസാർ അലിയുടെ അമ്മാവനും സി.പി.എം പ്രവർത്തകനുമായ ഹഫീസുർ റഹ്മാന് (റഫീഖ്) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.

 വെള്ളിയാഴ്ച രാത്രി നാദിയയിലെ ഹൻസ്‌ഖാലി ബ്ലോക്കിൽ തൃണമൂൽ പ്രവർത്തകനെ ബി.ജെ.പി പ്രവർത്തകൻ മർദിച്ചു. ഗസ്‌ന ഗ്രാമപഞ്ചായത്തിലെ എ.ഐ.ടി.സി പ്രവർത്തകൻ തപൻ ഘോഷിനെയാണ് ഒരു പ്രകോപനവുമില്ലാതെ തെരുവിൽവച്ച് ബി.ജെ.പി പ്രവർത്തകർ ക്രൂരമായി മർദിച്ചതെന്ന് തൃണമൂൽ ആരോപിച്ചു. സംഭവത്തിൽ ബിശ്വനാഥ് ഘോഷ്, ഗൗതം ഘോഷ്, അമിത് ഘോഷ്, ഭരത് ഘോഷ്, ദേബ്കുമാർ ഘോഷ്, ലബ്കുമാർ ഘോഷ് എന്നിവരാണ് പ്രതികൾ.

അതേസമയം, കൂച്ച്‌ബിഹാറിൽ അക്രമികൾ പോളിങ് ബൂത്ത് നശിപ്പിക്കുകയും ബാലറ്റ് പേപ്പറുകൾ കത്തിക്കുകയും ചെയ്തു. സീതായിലെ ബരാവിത പ്രൈമറി സ്കൂളിലെ ബൂത്തിലാണ് ആക്രമണം നടന്നത്. നോർത്ത് 24 പർഗാനായിൽ ബാലറ്റ് പേപ്പറുകളും പെട്ടികളും ബലമായി കടത്തി കൊണ്ടുപോയി. 271ഉം 272ഉം ബൂത്തുകളിലാണ് സംഭവം. ഈ ബൂത്തുകളിൽ വോട്ടെടുപ്പ് തുടങ്ങാൻ വൈകും. തെരഞ്ഞെടുപ്പ് നടത്താൻ ഭയമുണ്ടെന്ന് പോളിങ് ഉദ്യോഗസ്ഥർ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 18 പേർ കൊല്ലപ്പെട്ടു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിന് ഹൈകോടതി നിർദേശ പ്രകാരം 882 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

63,229 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 928 ജില്ല പരിഷത്ത് സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 3317 ഗ്രാമപഞ്ചായത്തുകളും 387 പഞ്ചായത്ത് സമിതികളും 20 ജില്ല പരിഷത്തുമാണ് സംസ്ഥാനത്തുള്ളത്. ജൂലൈ 11നാണ് വോട്ടെണ്ണൽ.

തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, ബി.ജെ.പി എന്നീ പാർട്ടികളാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. 2018ലെ തെരഞ്ഞെടുപ്പിൽ 34 ശതമാനം സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എതിരില്ലാതെ വിജയിച്ചിരുന്നു.

Tags:    
News Summary - 4 TMC workers killed on eve of poll in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.