ഉത്തര കാശി: ഉത്തരാഖണ്ഡിൽ ചാർധാം പാതയിലെ സിൽക്യാര തുരങ്കം ഇടിഞ്ഞ് ആറുദിവസം മുമ്പ് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമാക്കി. കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റർ വരെ തുരന്ന് അവശിഷ്ടങ്ങൾ നീക്കി. ആകെ 60 മീറ്ററാണ് തടസ്സം നീക്കേണ്ടത്. ഇതിലൂടെ 900 മില്ലിമീറ്റർ വ്യാസവും ആറു മീറ്റർ നീളവുമുള്ള 10 ഇരുമ്പ് പൈപ്പുകൾ കടത്തിയാണ് രക്ഷാപാതയൊരുക്കുന്നത്. ഈ പൈപ്പുകളിലൂടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കുക.
വെള്ളിയാഴ്ച അഞ്ചാമത്തെ പൈപ്പാണ് അകത്ത് കടത്തിയത്. രക്ഷാപ്രവർത്തനത്തിന് 165 പേരാണുള്ളത്. രാത്രിയിലും തുരങ്കത്തിലെ മണ്ണ് നീക്കുന്നുണ്ട്. ഒരു മണിക്കൂറിൽ നാലു മുതൽ അഞ്ചു മീറ്റർ വരെ തുരക്കാൻ ഡ്രില്ലിങ് യന്ത്രത്തിന് സാധിക്കും. എന്നാൽ, പൈപ്പുകൾ അടുക്കിവെക്കാനും വെൽഡ് ചെയ്യാനും കൂടുതൽ സമയമെടുക്കുന്നതിനാൽ പ്രതീക്ഷിച്ചപോലെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നില്ല. ഡീസൽ യന്ത്രമായതും വേഗം കുറയാൻ കാരണമാണെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഇന്ദോറിൽനിന്ന് വ്യോമമാർഗം മറ്റൊരു ഡ്രില്ലിങ് യന്ത്രവും എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ച 5.30നാണ് മണ്ണിടിച്ചിലുണ്ടായത്.
മകൻ പറഞ്ഞു; ആശങ്ക വേണ്ട അച്ഛാ
മനോധൈര്യം നഷ്ടപ്പെടാതിരിക്കാൻ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുമായി വാക്കിടോക്കി ഉപയോഗിച്ച് കുടുംബാംഗങ്ങൾ ഇടക്ക് സംസാരിക്കുന്നുണ്ട്. തുരങ്കത്തിലുള്ള മകനുമായി സംസാരിച്ചെന്നും ആശങ്കപ്പെടേണ്ടെന്ന് അവൻ പറഞ്ഞെന്നും ഉത്തർപ്രദേശ് സ്വദേശി വ്യക്തമാക്കി. തുരങ്കമുഖത്തുനിന്ന് 270 മീറ്റർ അകലെയാണ് മണ്ണിടിഞ്ഞത്. തുരങ്ക നിർമാണ സമയത്ത് ഉപയോഗിച്ചിരുന്ന ചെറിയ പൈപ്പിലൂടെയാണ് തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവുമെത്തിക്കുന്നതെന്നും അവർക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
ഓക്സിജന്റെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യവും അസുഖവുമുണ്ടായതിനെ തുടർന്ന് രണ്ടു തൊഴിലാളികൾക്ക് മരുന്നെത്തിച്ചിരുന്നു. അമേരിക്കൻ നിർമിതമായ പുതിയ ഡ്രില്ലിങ് യന്ത്രം വ്യോമ മാർഗമാണ് എത്തിച്ചത്. 2018ൽ തായ് ലൻഡിലെ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും ഫുട്ബാൾ പരിശീലകനെയും സുരക്ഷിതമായി പുറത്തെത്തിച്ച രക്ഷാപ്രവർത്തകരെ ഇവിടെ എത്തിക്കുന്നതും പരിഗണനയിലുണ്ട്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി ആറു കിടക്കകളുള്ള താൽകാലിക ആശുപത്രിയും 10 ആംബുലൻസുകളും വിദഗ്ധ ഡോക്ടർമാരും തുരങ്കത്തിന് പുറത്ത് സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.