ജമ്മുകശ്മീർ: കശ്മീരിൽ സൈനിക നടപടികൾ നിർത്തിവച്ച ഒരു മാസത്തിനുള്ളിലുണ്ടായ സംഘർഷത്തിൽ 41 പേർ മരിച്ചതായി റിപ്പോർട്ട്. 20ഒാളം ഗ്രനേഡ് ആക്രമണങ്ങളും 50ഒാളം അക്രമാസക്തമായ സമരങ്ങളും നടന്നതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. റമദാൻ മാസത്തോടനുബന്ധിച്ചാണ് സൈനിക നടപടികൾ നിർത്തി വെച്ചത്.
അക്രമ സംഭവങ്ങൾ അതിരു കടന്നതോടെ റമദാന് ശേഷം വെടിനിർത്തൽ തുടരേണ്ടതില്ലെന്നും ഭീകരവാദികൾക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിട്ടു. മെയ് 16നായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് പുണ്യമാസമായ റമദാനിൽ വെടിനിർത്തൽ പാലിക്കുമെന്നും ഇൗ കാലയളവിൽ സൈനിക നടപടികൾ ഉണ്ടാവില്ലെന്നുമുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ദിവസേന നടക്കുന്ന കൊലപാതകങ്ങൾക്ക് ശമനമാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇൗ തീരുമാനത്തെ സ്വാഗതം െചയ്തിരുന്നു. റമദാൻ മാസത്തിനു ശേഷവും കേന്ദ്ര സർക്കാർ തൽസ്ഥിതി തുടരുമെന്നായിരുന്നു മുഫ്തി കരുതിയത്. എന്നാൽ കേന്ദ്ര തീരുമാനത്തെ അവഗണിച്ചുകൊണ്ട് നിരവധി അക്രമസംഭവങ്ങൾ അരങ്ങേറി.
സൈനിക നടപടികൾ നിർത്തി വെച്ച മെയ്17 മുതൽ ജൂൺ 17 വരെയുള്ള കാലയളവിലാണ് 41 ജീവനുകൾ പൊലിഞ്ഞത്. മരിച്ചവരിൽ 24 പേരും പ്രദേശത്തേക്ക് ഒളിച്ചു കടന്നെത്തിയ ലഷ്കറെ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ് അൽ ബദർ സംഘങ്ങളിൽപെട്ട അക്രമികളായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് കുപ്വാര ജില്ലയിൽ വെച്ചാണ്. ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥരും നാല് ൈസനിക ഉദ്യോഗസ്ഥരും ഇൗ കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഭീകരവാദികളുടെ ആക്രമണത്തിൽ മൂന്ന് സിവിലിയൻമാരും കൊല്ലെപ്പട്ടു.
ഏപ്രിൽ 17 മുതൽ മെയ് 17വരെ18 ഭീകര ആക്രമണങ്ങളാണ് നടന്നത്. എന്നാൽ റമദാൻ മാസത്തിൽ ഇത് 50ലേറെയായി ഉയർന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ ശുജഅത്ത് ബുഖാരിയെയും അദ്ദേഹത്തിെൻറ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരേയും ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയത് ജൂൺ 14ന് ആയിരുന്നു. ശക്തമായ കാവലുള്ള കോളനിയിൽ നിന്ന് ബുഖാരിയെ വെടിവെച്ച് വീഴ്ത്തിയ ശേഷം മൂന്ന് അക്രമികളും രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.