ന്യൂഡൽഹി: പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട 431 പേർക്ക് ഇന്ത്യ ദീർഘകാല വിസ അനുവദിച്ചു. പാൻ കാർഡും ആധാറും സ്വന്തമാക്കാനും ഭൂമി വാങ്ങാനും ഇവർക്ക് ഇതുവഴി അർഹതയുണ്ടാകും.
പാകിസ്താനുമായി ഉഭയകക്ഷി ബന്ധം കൂടുതൽ കലുഷിതമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. അയൽ രാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹിന്ദു വിശ്വാസികളാണ് വിസ അനുവദിക്കപ്പെട്ടവരിൽ ഏറെയും. സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതക്കാരുമുണ്ട്.
താമസത്തിനും ഉപജീവനത്തിനും ആവശ്യമായ ചെറിയ ഭൂമി സ്വന്തമാക്കാനാണ് ഇവർക്ക് അനുമതി. എന്നാൽ, സൈനിക ക്യാമ്പുകൾ ഉൾപ്പെടെ സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം ഭൂമി വാങ്ങാനാവില്ല. പാൻ കാർഡ്, ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ സ്വന്തമാക്കാമെന്നതുപോലെ സ്വയം തൊഴിൽ നടത്താനും വ്യവസായത്തിനും അവസരമുണ്ടാകും. രാജ്യത്തെവിടെയും സഞ്ചരിക്കാൻ പ്രത്യേക അനുമതി ആവശ്യമില്ല. പാകിസ്താനിലെ 1,800 അഹ്മദിയ്യ വിഭാഗക്കാർക്ക് ഡിസംബർ 29, 30, 31 തീയതികളിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ നടക്കുന്ന വാർഷിക സംഗമത്തിൽ പെങ്കടുക്കാൻ അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം അനുമതി നിഷേധിച്ചിരുന്നു. 2015ൽ 5,000 പേരാണ് പാകിസ്താനിൽനിന്ന് പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.