ഗഡ്കരിയുടെ മകളുടെ കല്യാണം ഇന്ന്; വി.വി.ഐ.പികൾക്കായി 50 ചാർട്ടർ വിമാനങ്ങൾ

നാഗ്പുർ: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, ശിവസേന തലവൻ ഉദ്ധവ് താക്കറെ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വ്യവസായികളായ മുകേഷ് അംബാനി, രത്തൻ ടാറ്റ എന്നിവരുൾപെടെ 10,000ത്തോളം പേർ പങ്കെടുക്കുന്ന ആഡംബര കല്യാണം നാഗ്പൂരിൽ ഞായറാഴ്ച വൈകുന്നേരം നടക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകളുടെ കല്യാണത്തിനാണ് വി.വി.ഐ.പി പട വരുന്നത്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി, മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ എന്നിവരും കല്യാണത്തിനുണ്ട്. ഇവർക്ക് വരാനായി 50 വിമാനങ്ങളാണ് ചാർട്ടർ ചെയ്തത്.

അതേസമയം  ഡിസംബർ 3, 4 തീയതികളിൽ നാഗ്പൂരിൽ നിന്ന് മറ്റേതെങ്കിലും സ്ഥലത്തേക്ക് വിമാന ടിക്കറ്റുകൾ ലഭ്യമല്ല. എല്ലാ വിമാനങ്ങളും വി.വി.ഐ.പികൾക്കായി മാറ്റി വെച്ചിരിക്കുകയാണ്. ആർഎസ്എസ് തലവൻ മോഹൻ ഭഗവത്, കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഹേമമാലിനി, അമിതാഭ് ബച്ചൻ, എൻ.സി.പി നേതാവ് ശരദ് പവാർ, വ്യവസായി കുമാര മംഗളം ബിർള എന്നിവരും കല്യാണത്തിനെത്തും. ഗഡ്കരിയുടെ മകൾ കെത്കിയുടെ വരൻ ആദിത്യ സോഷ്യൽ നെറ്റ്വർക്കിങ് ഭീമനായ ഫേസ്ബുക്കിൽ ജോലി ചെയ്യുന്നയാളാണ്.

എന്നാൽ ഗഡ്കരിയുടെ കല്യാണവിരുന്നിനെതിരെ പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം ഉണ്ട്. നോട്ട് നിരോധനത്തിൻെറ പശ്ചാത്തലത്തിൽ രാജ്യത്തെ കല്യാണങ്ങളിലെ ആഡംബരങ്ങൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ അഭ്യർഥിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഇത്തരമൊരു അഭ്യർഥന സഹപ്രവർത്തകനായ മന്ത്രി പോലും സ്വീകരിക്കുന്നില്ല എന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശമുയർന്നു.

Tags:    
News Summary - 50 chartered planes to ferry VVIPs to Nagpur for Gadkari’s daughter’s wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.