ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ വോട്ടർമാരിൽനിന്ന് ഇതിനകം 55 കോടിയോളം ആധാർ നമ്പർ സമാഹരിച്ച തെരഞ്ഞെടുപ്പു കമീഷൻ അതിലൊന്നുപോലും വോട്ടർ കാർഡുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ല. ഇതിനകം ശേഖരിച്ച ആധാർ തെരഞ്ഞെടുപ്പു കമീഷൻ എങ്ങനെ സൂക്ഷിക്കുന്നുവെന്ന് വ്യക്തമല്ല. ബന്ധിപ്പിക്കൽ നടപടി തുടങ്ങാത്തതിനും കൃത്യമായ വിശദീകരണമില്ല.
ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കുന്ന പ്രവർത്തനം ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു കമീഷൻ നൽകിയ മറുപടി. എല്ലാ സംസ്ഥാനങ്ങളിലും വോട്ടർമാരുടെ ആധാർ സമാഹരിക്കുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്. ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഫോറം-6ബി പൂരിപ്പിച്ചു നൽകിയ വോട്ടർമാരുടെ എണ്ണം 55 കോടിയോളമാണ്.
ആധാർ ശേഖരിച്ച് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ തെരഞ്ഞെടുപ്പു കമീഷനെ അധികാരപ്പെടുത്തുന്ന തെരഞ്ഞെടുപ്പു നിയമഭേദഗതി പാർലമെന്റ് പാസാക്കിയതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് ബന്ധിപ്പിക്കലിന് പ്രത്യേക യജ്ഞം കമീഷൻ ആരംഭിച്ചത്. 2023 ഏപ്രിൽ ഒന്നാണ് ഫോറം-6ബി പൂരിപ്പിച്ചു നൽകാനുള്ള അവസാന തീയതിയെന്ന് ജൂൺ 17ന് നിയമമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
95 കോടി വരുന്ന വോട്ടർമാരിൽ പകുതിയോളം പേർ വോട്ടർ കാർഡും ആധാറും പരസ്പരം ബന്ധിപ്പിക്കുന്നതിന് സ്വമേധയാ അനുമതി നൽകിയതായി ഏതാനും ദിവസം മുമ്പ് തെരഞ്ഞെടുപ്പു കമീഷൻ വൃത്തങ്ങൾ പറഞ്ഞിരുന്നു. വോട്ടറുടെ ആധാറും ഇലക്ടറൽ കാർഡും ബന്ധിപ്പിക്കാത്തതുകൊണ്ട്, ഈ ക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്ന പ്രകാരമുള്ള വോട്ടർപട്ടികയിലെ ഇരട്ടിപ്പ് കണ്ടുപിടിക്കൽ ഒഴിവാക്കൽ നടപടികളിലേക്ക് കടക്കാനും കഴിഞ്ഞിട്ടില്ല.
വോട്ടർകാർഡിലേക്ക് ചേർക്കാൻ ആധാർ നൽകാത്തതിന്റെ പേരിൽ ഒരാളുടെ പേരു പോലും വോട്ടർപട്ടികയിൽനിന്ന് നീക്കില്ലെന്ന് നിയമമന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം പാർലമെന്റിൽ വിശദീകരിച്ചിരുന്നു. ശേഖരിക്കുന്ന ആധാർ മുഴുവൻ 'ആധാർ ഡേറ്റ വോൾട്ടി'ൽ ശേഖരിക്കുമെന്നും, സാക്ഷ്യപ്പെടുത്തലിന് മാത്രമാണ് അത് ഉപയോഗിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ ആധാർ ഡേറ്റബേസിൽനിന്ന് വ്യക്തിഗത വിവരങ്ങളൊന്നും തെരഞ്ഞെടുപ്പു കമീഷൻ ശേഖരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആധാർ ഇല്ലാത്തതിന്റെയോ ഹാജരാക്കാത്തതിന്റെയോ പേരിൽ, അർഹമായ അവകാശ ആനുകൂല്യങ്ങൾ പൗരന് നിഷേധിക്കരുതെന്നാണ് 2015ലെ സുപ്രീംകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.