ന്യൂഡൽഹി: മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ 24,849 സൂര്യാതപ കേസുകളിൽ നിന്ന് രാജ്യത്ത് 56 മരണങ്ങൾ സംഭവിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) സമാഹരിച്ച കണക്കുകൾ പ്രകാരം ഇതിൽ 46 മരണങ്ങൾ മെയ് മാസത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
മെയ് 1 നും 30 നും ഇടയിൽ 19,189 സൂര്യാതപ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കണക്കുകളിൽ ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള മരണങ്ങൾ ഉൾപ്പെടുന്നില്ല. അതിനാൽ അന്തിമ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ വെള്ളിയാഴ്ച മാത്രം ചൂട് മൂലമുള്ള 40 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തു. ഇവരിൽ 25 പേരും ഉത്തർപ്രദേശിലും ബിഹാറിലും ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിക്കപ്പെട്ടവരാണ്.
ഒഡീഷ (10), ബിഹാർ (8), ജാർഖണ്ഡ് (4), ഉത്തർപ്രദേശ് (1) എന്നിവിടങ്ങളിൽ വ്യാഴാഴ്ചയും ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. രാജസ്ഥാനിൽ ഇതുവരെ കുറഞ്ഞത് അഞ്ച് മരണങ്ങൾക്കെങ്കിലും ചൂട് കാരണമായി.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചൂട് മൂലമുള്ള അസുഖങ്ങൾ കാരണം മധ്യപ്രദേശിൽ 14 മരണവും മഹാരാഷ്ട്രയിൽ 11 മരണവും സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.