അഗർതല: എം.എൽ.എമാരെ കൂറുമാറ്റി സംസ്ഥാനങ്ങൾ പിടിക്കുന്ന ബി.ജെ.പി തന്ത്രം ത്രിപുരയിലും. നിയമസഭയിൽ ആകെയുണ്ടായിരുന്ന ആറു തൃണമൂൽ എം.എൽ.എമാരെയും പാളയത്തിലെത്തിച്ചാണ് ഇവിടെ സാന്നിധ്യമറിയിച്ചത്. ഇതോടെ ബി.ജെ.പി മുഖ്യപ്രതിപക്ഷമായി. നേരത്തേ രാഷ്ട്രപതി െതരഞ്ഞെടുപ്പിൽ ഇൗ എം.എൽ.എമാർ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തിരുന്നു. മുൻ പ്രതിപക്ഷ നേതാവ് സുദീപ് റോയ് ബർമെൻറ നേതൃത്വത്തിലുള്ള തൃണമൂൽ എം.എൽ.എമാരെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ബി.ജെ.പിയുടെ വടക്കുകിഴക്കൻ ജനാധിപത്യ സഖ്യം (എൻ.ഇ.ഡി.എ) കൺവീനർ ഹിമന്ദ ബിശ്വാസ് ശർമ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിപ്ലാബ് കുമാർ ദേബ്, നിരീക്ഷകൻ സുനിൽ ദിയോധർ എന്നിവർ സ്വാഗതംചെയ്തു. ബർമനു പുറമെ ആശിഷ് കുമാർ സാഹ, ദിബ ചന്ദ്ര ഹ്രങ്ഖാൾ, ബിസ്വബന്ദു സെൻ, പ്രജിത് സിൻഹ റോയ്, ദിലീപ് സർക്കാർ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.
ആഗസ്റ്റ് അഞ്ചിന് ഇവർ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ കണ്ടിരുന്നു. അതേസമയം, ത്രിപുരയിലെ എം.എൽ.എമാർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ടി.എം.സി സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.കോൺഗ്രസ് പ്രതിനിധികളായി മത്സരിച്ചാണ് ആറു പേരും നിയമസഭയിലെത്തിയത്. 2016ലെ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണക്കുന്ന സ്ഥാനാർഥിക്ക് വോട്ടുചെയ്യില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഇവർ ബി.ജെ.പി പ്രതിനിധിയെ പിന്തുണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.