പ്രതീകാത്മക ചിത്രം

നാലാം ഘട്ടത്തിൽ 67.71 ശതമാനം പോളിങ്; അഞ്ചാം ഘട്ടത്തിനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ

ന്യൂഡൽഹി: 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 67.71 ശതമാനം പോളിങ് രേഖപ്പെടുത്തി. 75.91 ശതമാനം വോട്ടർമാർ പോളിങ് ബൂത്തിലെത്തിയ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പേർ സമ്മതിദാന അവകാശം വിനിയോഗിച്ചത്. 370-ാം അനുച്ഛേദം പിൻവലിച്ച ശേഷം നടത്തിയ ആദ്യ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ 36.58 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മധ്യപ്രദേശ് - 68.48, ആന്ധ്രപ്രദേശ് - 68.12, ഝാർഖണ്ഡ് - 63.37, ഒഡിഷ - 63.85, തെലങ്കാന - 61.29, ഉത്തർപ്രദേശ് - 57.76, ബിഹാർ -55.90, മഹാരാഷ്ട്ര - 52.63 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ് ശതമാനം.

മേയ് 20നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്. ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളാണ് അടുത്ത തിങ്കളാഴ്ച ജനവിധി തേടുന്നത്. ബിഹാർ - അഞ്ച്, ജമ്മു കശ്മീർ -ഒന്ന്, ഝാർഖണ്ഡ് - മൂന്ന്, ലഡാക്ക് - ഒന്ന്, മഹാരാഷ്ട്ര -13, ഒഡിഷ - അഞ്ച്, ഉത്തർപ്രദേശ് - 14, പശ്ചിമ ബംഗാൾ - ഏഴ് എന്നിങ്ങനെയാണ് അഞ്ചാം ഘട്ടത്തിൽ പോളിങ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം.

ഉത്തർപ്രദേശിലെ അമേത്തി, റായ്ബറേലി, ലഖ്നോ, കരിംഗഞ്ച്; ബിഹാറിലെ സരൻ, മുംബൈയിലെ ആറ് മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ തന്നെ കല്യാൺ മണ്ഡലങ്ങൾ അഞ്ചാം ഘട്ടത്തിൽ ജനവിധി തേടും. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും സ്മൃതി ഇറാനിയും പിയുഷ് ഗോയലും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളും മത്സരിക്കുന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇൻഡ്യ മുന്നണിയും ബി.ജെ.പിയും ഈ മണ്ഡലങ്ങളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

മെയ് 25ന് ആറാം ഘട്ട വോട്ടെടുപ്പും ജൂൺ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പും നടത്തും. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.

Tags:    
News Summary - 67.71 % voter turnout in 4th phase of Lok Sabha Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.