മംഗളൂരു: എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ വാമഞ്ഞൂരിൽ ടൈൽ ഫാക്ടറിയിലെ തൊഴിലാളികളും മധ്യപ്രദേശ് സ്വദേശികളുമായ ജയ്ബാൻ (21), മുകേഷ് സിങ് (20), മുനീം സിങ് (20), ജാർഖണ്ഡ് സ്വദേശി മനീഷ് തിർക്കി (33) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച സഹോദരനുമായി ഫാക്ടറി വളപ്പിൽ കളിക്കുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മുറിയിലെത്തിച്ചാണ് സംഘം പീഡനത്തിനിരയാക്കിയത്. കുട്ടി ബഹളംവെച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും സമീപത്തെ ഓവുചാലിൽ ഉപേക്ഷിക്കുകയും ചെയ്തെന്ന് സംഘം പൊലീസിനോട് വെളിപ്പെടുത്തി.
സംഭവത്തിനു പിന്നാലെ മുകേഷും മുനീമും പുത്തൂറിലേക്ക് പോയി. കുട്ടിയെ കാണാതായതോടെ വൈകീട്ട് കുടുംബവും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇവരോടൊപ്പം ജയ്ബാനും മനീഷും ചേർന്നു. വൈകീട്ട് ആറോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
ഫാക്ടറിയിലെ തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. സി.സി.ടി.വികളും ഫോൺകോളുകൾ പരിശോധിച്ചതും പ്രതികളെ പിടികൂടുന്നതിൽ നിർണായകമായതായി സിറ്റി പൊലീസ് കമീഷണർ എൻ. ശശി കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.