എട്ട് പതിറ്റാണ്ടിെൻറ പഴക്കമുണ്ട് തമിഴ്നാട് തണ്ട്രംപാട്ട് താലൂക്കിലെ തെൻമുടിയന്നൂർ ഗ്രാമത്തിലെ ജാതിവെറിക്ക്. ഇപ്പോഴിതാ തെൻമുടിയന്നൂർ ഗ്രാമത്തിലെ ദളിതർ ആദ്യമായി ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിക്കുകയാണ്. ക്ഷേത്രപ്രവേശനം ഗ്രാമേത്സവമായി നടത്തി. കലക്ടർ ബി മുരുകേഷ്, ഡിഐജി (വെല്ലൂർ റേഞ്ച്) എംഎസ് മുത്തുസാമി, എസ്പി കെ കാർത്തികേയൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ക്ഷേത്രത്തിൽ പ്രവേശിച്ചു.
80 വർഷത്തിലേറെ പഴക്കമുളള ഈ ക്ഷേത്രത്തിൽ മേൽജാതി ഹിന്ദുക്കൾ മാത്രമാണിതുവരെ ആരാധന നടത്തിയത്. ക്ഷേത്ര പ്രവേശനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ കുറിച്ച് നാട്ടുകാരനായ സി. മുരുകന് പറയാനുള്ളതിങ്ങനെ``ഇത്രയും വർഷം ഞങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഞങ്ങളെ തൊട്ടുകൂടാത്തവരായി മുദ്രകുത്തി. ഞങ്ങളുടെ ആരാധനാസ്ഥലം ക്ഷേത്രത്തിന് പുറത്തായിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കുന്നത് എത്ര വേദനാജനകമാണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ''. 7,000 ജനസംഖ്യയുള്ള ഗ്രാമത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 2,500 ഓളം ആളുകളാണുള്ളത്.
വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ദിവസം തിരുവണ്ണാമലൈ റവന്യൂ ഡിവിഷണൽ ഓഫീസർ മന്ദാഗിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രവേശനാനുമതി ലഭിച്ചത്. സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ നിർണായക സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിന് പുറമെ 500-ലധികം പൊലീസ് ഉദ്യോഗസ്ഥരെ ഗ്രാമത്തിൽ വിന്യസിപ്പിച്ചിരുന്നു. ഈ ക്ഷേത്രം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പിന് കീഴിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.