രാജ്യത്ത്​ 8488 പുതിയ കോവിഡ്​ കേസുകൾ; 538 ദിവസങ്ങൾക്കിടയിലെ ഏറ്റവും കുറവ്​

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8488 പുതിയ കേസുകൾ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തു. ഇത് 538 ദിവസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 249 പേർ കോവിഡ്​ കാരണം മരണത്തിന്​ കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,65,911 ആയി. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5080 കോവിഡ് കേസുകളും 40 മരണങ്ങളും രേഖപ്പെടുത്തി.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,18,443 ആണ്. ഇത് മൊത്തം റിപ്പോർട്ട്​ ചെയ്​ത കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ്. നിലവിലിത്​ 0.34 ശതമാനമാണ്. അതായത്​ 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,510 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,39,34,547 ആയി. നിലവിൽ രോഗമുക്തി നിരക്ക് 98.31 ശതമാനമാണ്.

'പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (1.08 ശതമാനം) കഴിഞ്ഞ 49 ദിവസമായി രണ്ട്​ ശതമാനത്തിൽ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (0.93 ശതമാനം) കഴിഞ്ഞ 59 ദിവസമായി രണ്ട്​ ശതമാനത്തിൽ താഴെയാണ്.

നവംബർ 21 വരെ കോവിഡിനായി പരിശോധിച്ച ആകെ സാമ്പിളുകൾ 63,25,24,259 ആണ്. ഇതിൽ 7,83,567 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചു. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 116 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകി.

Tags:    
News Summary - 8488 new covid cases in the country; The lowest between 538 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.