ഇംഫാൽ: മ്യാന്മറിൽ നിന്ന് 900ത്തിലേറെ കുക്കി ആയുധധാരികൾ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇതിനെ തുടർന്ന് മണിപ്പൂരിൽ കനത്ത സുരക്ഷ ജാഗ്രത നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
ഡ്രോൺ അധിഷ്‌ഠിത ബോംബുകൾ, മിസൈലുകൾ, വനത്തിലെ യുദ്ധമുറ എന്നിവയിൽ പരിശീലനം ലഭിച്ചവരാണെത്തിയത്. 30 അംഗങ്ങൾ വീതമുള്ള യൂനിറ്റുകളായി തിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബർ 28 ഓടെ മെയ്തേയ് ഗ്രാമങ്ങളിൽ ആക്രമണം നടത്തിയേക്കാമെന്നും റിപ്പോർട്ടുണ്ട്.
ഇന്‍റലിജൻസ് റിപ്പോർട്ട് സ്ഥിരീകരിച്ച് മണിപ്പൂരിലെ സുരക്ഷ ഉപദേഷ്ടാവ് കുൽദീപ് സിങ്ങും പ്രതികരിച്ചിട്ടുണ്ട്. സ്ട്രാറ്റജിക് ഓപറേഷൻസ് ഗ്രൂപ്പിന്റെ യോഗം ചീഫ് സെക്രട്ടറിയുടെ കോൺഫറൻസ് ഹാളിൽ ചേർന്നു. അതിനിടെ, മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിൽ ആക്രമണത്തിന് ഉപയോഗിക്കുന്ന റോക്കറ്റും ഷെല്ലുകളും ഗ്രനേഡുകളും കണ്ടെത്തി.
സമുലംലനിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനക്കിടെയാണ് ഇവ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വംശീയ സംഘർഷം നിലനിൽക്കുന്ന സംസ്ഥാനത്ത് ആക്രമണത്തിന് ഈയിടെയായി ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിക്കുന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്.
അതേസമയം, നിരോധിത തീവ്രസംഘടനയായ നാഷനൽ റവല്യൂഷനറി ഫ്രണ്ട് ഓഫ് മണിപ്പൂർ (എൻ.ആർ.എഫ്.എം) ശനിയാഴ്ച രാത്രി മുതൽ ആഹ്വാനംചെയ്ത 18 മണിക്കൂർ ബന്ദ് ഇംഫാൽ താഴ്വരയിലെ അഞ്ച് ജില്ലകളിൽ ജനജീവിതത്തെ ബാധിച്ചു. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടന്നു. ബസുകൾ നിരത്തിലിറങ്ങിയില്ല. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.