ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 98 വിദ്യാർഥികൾ - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി: 2018-2023 കാലയളവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 98ഓളം വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിൽ കൂടുതൽ ആത്മഹത്യകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഐ.ഐ.ടികളിൽ നിന്നാണെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാർ വ്യക്തമാക്കി.
വിദ്യാർഥികളുടെ ആത്മഹത്യ നിരക്കിനെ കുറിച്ച് സി.പി.ഐ.എം രാജ്യസഭാ അംഗമായ വി. ശശിധരൻ പാർലമെന്‍റിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഭാസ്. രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാല, ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.ഇ.ആർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട് പ്രകാരം ആത്മഹത്യ ചെയ്ത 98 പേരിൽ 39 പേർ ഐ.ഐ.ടി വിദ്യാർഥികളാണ്. കേന്ദ്ര സർവകലാശാലകളിലും വിവിധ എൻ.ഐ.ടികളിലുമുള്ള 25 പേരും ഈ കാലയളവിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. നാല് ഐ.ഐ.എം വിദ്യാർഥികളും, മൂന്ന് ഐ.ഐ.എസ്.ഇ.ആർ, രണ്ട് ഐ.ഐ.ഐ.ടി വിദ്യാർഥികൾ എന്നിവയാണ് മറ്റുള്ളവർ. 2023ൽ ഇതുവരെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇരുപതോളം ആത്മഹത്യകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. 2022ൽ 24 കേസുകളും, 2021ലും 2020ലുമായി ഏഴ് കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിരുന്നു. 2019ൽ 19 കേസുകളും 2018ൽ 21 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ആകെ 23 ഐ.ഐ.ടികളാണുള്ളത്. 31 എൻ.ഐ.ടികളും, 56 കേന്ദ്ര സർവകലാശാലകളും, 20 ഐ.ഐ.എം, 25 ഐ.ഐ.ഐ.ടി, ഏഴ് ഐ.ഐ.എസ്.ഇ.ആർ എന്നിവയും രാജ്യത്തുണ്ട്.
അതേസമയം രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനവ് ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ക്ഷേമത്തിനുമായി യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ (യു.ജി.സി) വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പഠനഭാരം കുറയ്ക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതത് മാതൃഭാഷയിൽ പഠിക്കാനുള്ള പദ്ധതികളും മന്ത്രാലയം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.