ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ കോൺഗ്രസിന് പുതിയ പ്രതിസന്ധിയായി വിമത എം.എൽ.എമാരുടെ കരുനീക്കം. 10 ദിവസമായി ഹിമാചൽ വിട്ട് ചണ്ഡിഗഢിലെ ഹോട്ടലിൽ കഴിഞ്ഞ ഈ എം.എൽ.എമാരെ ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലേക്ക് മാറ്റി. രണ്ട് ബി.ജെ.പി എം.എൽ.എമാരുടെ അകമ്പടിയും പ്രത്യേക പൊലീസ് കാവലും ഏർപ്പെടുത്തി. ഉത്തരാഖണ്ഡ് ഋഷികേശിലുള്ള താജ് ഹോട്ടലിലാണ് 11 എം.എൽ.എമാരും കഴിയുന്നത്. വിമതരെ അനുനയിപ്പിക്കാൻ ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർസിങ് സുഖു തീവ്രശ്രമം തുടരുമ്പോൾ തന്നെയാണിത്.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ഹൈകമാൻഡ് നോമിനിയായ അഭിഷേക് സിങ്വി പരാജയപ്പെട്ടതിനുപിന്നാലെ, നിയമസഭയിൽ പാർട്ടി വിപ് ലംഘിച്ചതിന് ആറ് കോൺഗ്രസ് എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. കോൺഗ്രസ് സർക്കാറിനെ പിന്തുണച്ചു വന്ന മൂന്നു സ്വതന്ത്രരും സിങ്വിക്കെതിരെ വോട്ടുചെയ്തു. ഈ ഒമ്പതു പേരും അതിനുശേഷം ബി.ജെ.പിയുടെ കാവലിലും തണലിലുമാണ്. വോട്ടെടുപ്പു കഴിഞ്ഞപാടേ ഹരിയാനയിലേക്കുമാറ്റിയ ഇവരെ പിന്നീട് ചണ്ഡിഗഢിൽ എത്തിച്ചു. അവിടെ അവർ താമസിച്ച ഹോട്ടലിന് കേന്ദ്ര റിസർവ് പൊലീസ് സേനയുടെ കാവൽ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനിടയിൽ വിമതരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി സുഖു ദൂതരെ നിയോഗിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ഈ നീക്കം തുടരുന്നുവെന്ന് കണ്ടപ്പോഴാണ് സംസ്ഥാന സെക്രട്ടറി അടക്കം രണ്ട് ബി.ജെ.പി എം.എൽ.എമാരുടെ അകമ്പടിയോടെ ഒമ്പതുപേരെയും ഋഷികേശിലേക്ക് മാറ്റിയത്. അയോഗ്യരാക്കിയതിനെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങിയിരിക്കുക കൂടിയാണ് ഈ എം.എൽ.എമാർ. മുഖ്യമന്ത്രി സുഖു രാജിവെക്കണമെന്ന് വിമത കോൺഗ്രസ് എം.എൽ.എമാർ ശനിയാഴ്ച സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭൂരിപക്ഷമില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം.
ജനരോഷം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ, പരിജ്ഞാനമില്ലാത്ത മന്ത്രിസഭയെയാണ് സുഖു നയിക്കുന്നത്. കുതിരക്കച്ചവടമെന്ന ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.