നാഗർകോവിൽ: ദേവാലയവളപ്പിൽ നാം തമിഴർ കടച്ചിയുടെ തക്കല യൂനിയൻ പ്രസിഡന്‍റിനെ ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്കടിച്ചുകൊന്നു. തിങ്കൾചന്ത മൈലോട് സ്വദേശിയും ട്രാൻസ്പോർട്ട് മെക്കാനിക്കുമായ സേവ്യർകുമാറിനെയാണ് (42) കൊലപ്പെടുത്തിയത്. സേവ്യർകുമാർ ഭരണകക്ഷിയെ സമൂഹമാധ്യമത്തിൽ വിമർശിക്കുന്നതിനെതിരെ മൈലോട് ഇടവകക്കാരനായ ഡി.എം.കെ യൂനിയൻ സെക്രട്ടറി രമേഷ് ബാബുവുമായി തർക്കമുണ്ടായിരുന്നത്രെ.
മൈലോട് ക്രൈസ്തവ ഇടവകക്കെതിരെയും സേവ്യർകുമാർ വിമർശനം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് സേവ്യർകുമാറിനെ വീട്ടിനടുത്തുള്ള ട്രാൻസ്പോർട്ട് ഡിപ്പോയിൽനിന്ന് കന്യാകുമാരിയിലേക്ക് സ്ഥലംമാറ്റി. ഈ ഇടവകയിലെ സ്കൂളിൽ ജോലിയുള്ള സേവ്യർകുമാറിന്‍റെ ഭാര്യ ജെമിലക്ക് സസ്പെൻഷനും ലഭിച്ചു. ജെമില ഇടവക അധികൃതരെ സമീപിച്ചപ്പോൾ, സേവ്യർ മാപ്പെഴുതി നൽകിയാൽ ജോലി തിരികെ നൽകാമെന്ന് പറഞ്ഞു.
തുടർന്നാണ് സേവ്യർ ഇടവകയിൽ ചർച്ചക്കെത്തിയത്. ഫോൺ സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ ജെമില മരിച്ചുകിടക്കുന്ന ഭർത്താവിനെയാണ് കണ്ടത്. ഒളിവിൽ പോയ ഇടവക വികാരി റോബിൻസൺ, ഫാ. ബെനിറ്റോ, അഡ്വ. രമേഷ് ബാബു ഉൾപ്പെട്ട 15 അംഗ സംഘത്തെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സേവ്യർ കുമാറിന് രണ്ട് പെൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.