നഗര കേന്ദ്രങ്ങളിൽ 150 കിലോമീറ്ററിനുള്ളിൽ ഒരു വാഹന പൊളിക്കൽ കേന്ദ്രം സ്ഥാപിക്കും -ഗഡ്കരി

ന്യൂഡൽഹി: ഓരോ നഗര കേന്ദ്രത്തിലും 150 കിലോമീറ്ററിനുള്ളിൽ ഒരു വാഹനം പൊളിക്കൽ സൗകര്യമെങ്കിലും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദക്ഷിണേഷ്യൻ മേഖലയുടെ മുഴുവൻ വാഹന സ്‌ക്രാപ്പിങ് കേന്ദ്രമായി മാറാൻ രാജ്യത്തിന് കഴിയും. ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ധാരാളം പഴയ വാഹനങ്ങൾ ഇറക്കുമതി ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.

മെറ്റീരിയൽ റീസൈക്ലിങ് അസോസിയേഷൻ ഓഫ് ഇന്ത്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ദേശീയ പഴയ വാഹനം പൊളിക്കൽ നയം ഘട്ടംഘട്ടമായി വാഹന മലിനീകരണം കുറക്കാൻ പഴയതും യോഗ്യവുമല്ലാത്ത വാഹനങ്ങൾ ഒഴിവാക്കാനും പുതിയവ അവതരിപ്പിക്കാനും സഹായിക്കുമെന്നും ഗഡ്കരി പറഞ്ഞു.

എല്ലാതരം നിക്ഷേപകർക്കും സ്‌ക്രാപ്പിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുവദിക്കുന്ന തരത്തിലാണ് മന്ത്രാലയം നയം രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു നഗരത്തിൽ ഒന്നിലധികം അംഗീകൃത വാഹന സ്‌ക്രാപ്പിങ് യൂനിറ്റുകൾ വികസിപ്പിക്കാനാകും. വാഹന രജിസ്‌ട്രേഷൻ റദ്ദാക്കാനും ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ നൽകാനും അവർക്ക് അനുമതിയുണ്ടാകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി രാജ്യത്തെ 112 ജില്ലകളിൽ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ തുറക്കാൻ ലോഹ പുനരുപയോഗ വ്യവസായികളോട് ഗഡ്കരി അഭ്യർഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് നയം പ്രഖ്യാപിച്ചത്. 2022 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ നയത്തിന് കീഴിൽ, പഴയവ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷമാകുമ്പോഴും ഫിറ്റ്നസ് ടെസ്റ്റ് വേണം. 

Tags:    
News Summary - A Vehicle Scrappage Centre will be set up within 150 km says Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.