ന്യൂഡൽഹി: ആധാർ സാക്ഷ്യപ്പെടുത്തൽ പാചകവാതക ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ആധാർ സാക്ഷ്യപ്പെടുത്താത്തവർക്ക് പാചകവാതകം നിഷേധിച്ചിട്ടില്ല. വ്യാജ ഉപഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാചക വാതക സിലിണ്ടർ വിതരണം ആധാറുമായി ബന്ധപ്പെടുത്തുന്നതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
പുതിയ കണക്‌ഷൻ എടുക്കുമ്പോൾ നിർബന്ധമായും ആധാറുമായി ബന്ധപ്പെടുത്തണം. നിലവിലുള്ള കണക്‌ഷനുകൾ പരിശോധിക്കുന്നതിനായി ഉപഭോക്താക്കളുടെ പ്രത്യേക ക്യാമ്പുകൾ നടക്കുന്നുണ്ട്. എൽ.പി.ജി സിലണ്ടർ വീട്ടിൽ ലഭിക്കുന്ന സമയത്തോ വിതരണ ഏജൻസിയുടെ ഷോറൂമിലെത്തിയോ ഉപഭോക്താവിന് ആധാർ സാക്ഷ്യപ്പെടുത്തൽ നടത്താം. കൂടാതെ പാചകവാതക വിതരണം നടത്തുന്ന പെട്രോളിയം കമ്പനികളുടെ ആപ്പുകൾ വഴിയും ആധാർ സാക്ഷ്യപ്പെടുത്തലിന് അവസരമുണ്ട്.
ആധാർ ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ എട്ടു മാസമായി നടക്കുകയാണെന്നും വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കാൻ വേണ്ടിയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. സാക്ഷ്യപ്പെടുത്തലിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല. കേരള പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.