ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ആധാർ നമ്പർ നിർബന്ധമല്ലെന്ന് സുപ്രീംകോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർ പട്ടികയിൽ പേരുചേർക്കുമ്പോൾ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യക്തത വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ജി. നിരഞ്ജൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
പുതിയ വോട്ടർമാരുടെ വിവരങ്ങൾ ആധികാരികമാക്കാൻ ആധാർ വിശദാംശങ്ങൾ ആവശ്യമായിവരുന്നത് എന്തുകൊണ്ടാണെന്ന് ഹരജിക്കാരൻ ചോദിച്ചു. വോട്ടർമാർ ആധാർ നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ (ഭേദഗതി) ചട്ടം 26 ബിയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ചട്ടം 26 ബി പ്രകാരം ആധാർ നമ്പറിന്റെ വിശദാംശങ്ങൾ നിർബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്തും. റൂള്‍ 26 ബി പ്രകാരം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നേരത്തെ ആധാര്‍ നമ്പര്‍ വേണമായിരുന്നു. എന്നാല്‍, 2022ലെ ഭേദഗതിയനുസരിച്ച് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് പറഞ്ഞു. അതേസമയം, പേരുചേർക്കാനായി 66.23 കോടി ആധാർ നമ്പറുകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും വോട്ടർ പട്ടിക അന്തിമമാക്കുന്ന പ്രക്രിയയിലാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഹരജി കോടതി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.