ന്യൂഡൽഹി: സ്വത്തവകാശം ഭരണഘടനപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോടതി. മൗലികാവകാശമല്ലെങ്കിലും സ്വത്തിനുള്ള അവകാശം ഭരണഘടനപരമായി അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ബംഗളൂരു -മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതിക്കായി (ബി.എം.ഐ.സി.പി) ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമർശം. 1894ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിയിൽ നിലവിലുള്ള നിരക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. എന്നിരുന്നാലും, നഷ്ടപരിഹാരത്തുക വിതരണത്തിൽ കാലതാമസം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ പിന്നീടുള്ള മറ്റൊരു തീയതി അടിസ്ഥാനമാക്കി വില പുനർനിർണയിക്കാമെന്നും കോടതി പറഞ്ഞു.
1978ലെ 44ാം ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറി. എന്നാല്‍, സ്വത്തവകാശം മനുഷ്യാവകാശമായും ഭരണഘടന അനുച്ഛേദം 300 എ പ്രകാരമുള്ള അവകാശമായും തുടരുന്നുവെന്നും ജസ്റ്റിസുമാരായ ബി.ആര്. ഗവായി, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരു വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാര വിധിന്യായത്തില്‍ പറയുന്നു.
ബി.എം.ഐ.സി.പി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ 2022 നവംബറിലെ കർണാടക ഹൈകോടതിയുടെ വിധി ചോദ്യം ചെയ്തുള്ള അപ്പീലിൽ വ്യാഴാഴ്ചയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 2003 ജനുവരിയില്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും 2005 നവംബറില്‍ ഹരജിക്കാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
വിദ്യാദേവി വേഴ്സസ് സ്റ്റേറ്റ് ഓഫ് ഹിമാചൽ പ്രദേശ് (2020) കേസ് ഉദ്ധരിച്ച് നിയമപരമായി നിലനിൽക്കുന്ന ഒരു ക്ഷേമ സ്ഥാപനമെന്ന നിലയിൽ സർക്കാറിന് ഭരണഘടന നിർവചിച്ച് നൽകിയതിന് അതീതമായി അധികാരം പ്രയോഗിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തുടർന്ന് അൾട്രാ-ടെക് സിമൻറ് ലിമിറ്റഡ് വേഴ്സസ് മാസ്റ്റ് റാം (2024) പരാമർശിച്ച കോടതി ഉടമയിൽനിന്ന് ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തുന്നത് നിയമവിരുദ്ധമാണെന്നും ആർട്ടിക്ൾ 300 എയുടെ ഉദ്ദേശ്യലക്ഷ്യത്തെ ആകെ നിരാകരിക്കുന്നതാണെന്നും വിലയിരുത്തി.
സുപ്രീംകോടതി മുമ്പാകെ അപ്പീല്‍ നല്കിയ ഭൂവുടമകള്‍ക്ക് കഴിഞ്ഞ 22 വര്‍ഷത്തിനിടെ നിരവധി തവണ കോടതിയുടെ വാതിലുകളില്‍ മുട്ടേണ്ടിവന്നു. എന്നാല്‍, ഒരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും സ്വത്തുക്കള്‍ നഷ്ടപ്പെട്ടുവെന്നും ബെഞ്ച് നിരീക്ഷിച്ചു. അനുച്ഛേദം 142 പ്രകാരമുള്ള കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് 2019 ഏപ്രില്‍ 22ലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനും ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നിയമാനുസൃത ആനുകൂല്യങ്ങൾ നൽകാനും പ്രത്യേക ലാൻഡ് അക്വിസിഷൻ ഓഫിസറോട് (എസ്.എൽ.എ.ഒ) ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.