ചെന്നൈ: തിരുവാരൂർ ജില്ലയിൽ പുഴയോരത്ത് മൂവായിരത്തോളം ആധാർ കാർഡുകൾ ദുരൂഹ സാഹച ര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വിവാദമായി. തിരുവാരൂർ തിരുത്തുറ പൂണ്ടി കട്ടിമേട് മുല്ലയാറിെൻറ തീരത്താണ് ഇവ കണ്ടെത്തിയത്. പുഴയോരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൂന്നു ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ആധാർ കാർഡുകൾ ആദ്യം കണ്ടത്. പിന്നീട് സമീപവാസികളും നാട്ടുകാരും തടിച്ചുകൂടി. വിവരമറിഞ്ഞെത്തിയ പൊലീസ്-റവന്യു ഉദ്യോഗസ്ഥർ ഇവ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.
കട്ടിമേട്, വടപതി, ആദിരംഗം തുടങ്ങിയ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആധാർ കാർഡുകളാണിതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഭാഗികമായി നശിച്ചനിലയിലായതിനാൽ ഇവ ഉപയോഗയോഗ്യമല്ല. മേഖലയിൽ ഇതേവരെ ആധാർ കാർഡുകൾ വിതരണം ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതായി തഹസിൽദാർ രാജൻ ബാബു അറിയിച്ചു. ആധാർ കാർഡുകൾ വിതരണം ചെയ്യുന്ന ചുമതല തപാൽ വകുപ്പിനാണെന്നും അദ്ദേഹം അറിയിച്ചു. തിരുത്തുറപൂണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.