ഡൽഹിയിൽ ബി.ജെ.പി-എ.എ.പി തർക്കം തെരുവിലേക്കും. നിരവധി വിഷയങ്ങളിൽ ഭരണകക്ഷിയായ എ.എ.പിയും ബി.ജെ.പിയും തമ്മിൽ മാസങ്ങളായി തലസ്ഥാന നഗരിയിൽ തർക്കവിതർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. സാധാരണ ഇത് ടെലിവിഷൻ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലുമാണ് നടക്കാറുള്ളത്. എന്നാൽ ഇത്തവണ തർക്കംമൂത്ത് അത് തെരുവിലേക്ക് വ്യാപിക്കുകയായിരുന്നു.
ബുധനാഴ്ച ഡൽഹിയിലെ സ്കൂളിന് പുറത്ത് ആം ആദ്മി പാർട്ടിയുടെ സൗരഭ് ഭരദ്വാജും ബി.ജെ.പിയുടെ ഗൗരവ് ഭാട്ടിയയും ക്യാമറക്ക് മുന്നിൽ ഏറ്റുമുട്ടി. ആപ് നിർമ്മിച്ച ഏതെങ്കിലും ഒരു സ്കൂളിൽ തന്നെ കൊണ്ടുപോകാൻ ഭാട്ടിയ എ.എ.പി സർക്കാരിനെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്ത സൗരഭ് ഭരദ്വാജിന്റെ ക്ഷണപ്രകാരമായിരുന്നു ഗൗരവ് ഭാട്ടിയ സ്‌കൂളിൽ എത്തിയത്. തുടർന്ന് ഇരുവരും ക്യാമറക്കുമുന്നിൽ പരസ്പരം വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു.
എ.എ.പി വക്താവ് പറയുന്നത്, ബിജെപി നേതാവ് സ്കൂൾ കാണാൻ കൂട്ടാക്കാതെ ഓടിപ്പോയി എന്നാണ്. '498 സ്‌കൂളുകൾ വേറെ ഉണ്ടെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അദ്ദേഹം സ്കൂളിനുള്ളിൽ കടക്കാൻ പോലും തയ്യാറായില്ല'-ഭരദ്വാജ് പറയുന്നു.
ഡൽഹിയിൽ 500 പുതിയ സ്‌കൂളുകൾ തുടങ്ങിയെന്ന ആപ് അവകാശവാദം പൊളിക്കാനാണ് താൻ സ്കൂളിലെത്തിയതെന്നാണ് ബി.ജെ.പി നേതാവ് പറയുന്നത്. എ.എ.പി നേതാവ് ഞങ്ങളെ 1966ൽ പണികഴിച്ച സ്‌കൂളിലേക്ക് കൊണ്ടുപോയെന്നും പണി പൂർത്തിയാകാത്ത സ്കൂളിലാണ് ഞങ്ങൾ എത്തിയതെന്നും എട്ടര വർഷത്തിനുശേഷവും ഇതാണ് യാഥാർഥ്യമെന്നും ഭാട്ടിയ പിന്നീട് പുറത്തിറക്കിയ വിഡിയോയിൽ പറഞ്ഞു.
बार-बार रुकने का आग्रह करने पर भी @gauravbh स्कूल के अंदर नहीं गए और भाग गए। उनको कहा कि अभी तो 498 स्कूल और देखने हैं चलिए, मगर वे नहीं माने और भाग गए। pic.twitter.com/WFhOxOzgTF
— Saurabh Bharadwaj (@Saurabh_MLAgk) August 31, 2022
എ.എ.പി സർക്കാരിന്റെ മദ്യനയത്തിലെ അഴിമതിയാരോപണങ്ങളിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ റെയ്ഡ് ചെയ്തതു മുതൽ ആഴ്ചകളായി ഇരുരാഷ്ട്രീയ പാർട്ടികളും തമ്മിൽ തർക്കത്തിലായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങളെ അന്താരാഷ്ട്ര ഏജൻസികൾ പ്രശംസിച്ചതിലുള്ള നീരസം കാരണമാണ് കേന്ദ്രം തന്റെ മന്ത്രിമാരെ വേട്ടയാടുന്നതെന്ന് എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ആരോപിക്കുന്നു.
അസം മുഖ്യമന്ത്രി ഹേമന്ദ ബിശ്വ ശർമയും കെജ്രിവാളുമായി സ്കൂളുകളെച്ചൊല്ലി ട്വിറ്ററിൽ ഏറ്റുമുട്ടിയിരുന്നു. അസമിലെ ചില സ്‌കൂളുകൾ അടച്ചുപൂട്ടുന്നതായി റിപ്പോർട്ട് വന്നതിനെ തുടർന്നാണ് ഇരുവരും ട്വീറ്റ് ചെയ്തത്. സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ഒന്നിനും പരിഹാരമല്ലെന്നും രാജ്യത്തുടനീളം കൂടുതൽ സ്‌കൂളുകൾ തുറക്കേണ്ടതുണ്ടെന്നും കെജ്‌രിവാൾ ട്വീറ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.