ഗാന്ധിനഗർ: ഗുജറാത്തിലെ പ്രധാന പ്രതിപക്ഷ പാർട്ടി കോൺഗ്രസ് തന്നെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആംആദ്മി പാർട്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. അധികാരത്തിലെത്തിയാൽ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധസെല്ലുകൾ രൂപീകരിക്കുമെന്ന സംസ്ഥാനഘടകത്തിന്‍റെ തീരുമാനം നല്ലൊരു ചുവടുവെപ്പാണെന്നും മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഇതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോഴും കോൺഗ്രസ് തന്നെയാണ് പ്രധാന പ്രതിപക്ഷ പാർട്ടി, പക്ഷെ ആ പാർട്ടി പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്, അതിന്‍റെ പ്രതിഫലനം ഗുജറാത്തിലും ഉണ്ടാവും.'- അമിത് ഷാ പറഞ്ഞു. എ.എ.പി ഗുജറാത്തിലെ ജനങ്ങളുടെ മനസിലില്ലെന്നും വിജയിച്ച സ്ഥാനാർഥികളുടെ പട്ടികയിൽ എ.എ.പിയുടെ സ്ഥാനാർഥി ഉണ്ടാവാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ മറ്റ് പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് രാജ്യസുരക്ഷയെക്കുറിച്ച് ബി.ജെ.പി പ്രചാരണ പരിപരിപാടികളിൽ സംസാരിക്കുന്നതെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെയും അദ്ദേഹം തള്ളി. ജനങ്ങൾക്ക് ബി.ജെ.പിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും പൂർണവിശ്വാസമുണ്ടെന്ന് പറഞ്ഞ ഷാ നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടുമെന്നും അവകാശപ്പെട്ടു.
വ്യാഴാഴ്ചയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പിന്‍റെ ആദ്യം ഘട്ടം നടക്കുന്നത്. അഞ്ചിന് രണ്ടാം ഘട്ടവും നടക്കും. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. ഭരണകക്ഷിയായ ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവർ ഗുജറാത്തിൽ പ്രചാരണത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.