ലഖ്നോ: പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ മരിക്കുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭൽ അക്രമത്തിൽ ഒളിവിൽപ്പോയ 91 പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കുമെന്ന് യു.പി പൊലീസ്.
'അന്ന് പൊലീസിന് നേരെ മേൽക്കൂരയിൽ നിന്ന് കല്ലെറിഞ്ഞ ആറ് സ്ത്രീകൾ ഉൾപ്പെടെ 54 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിൽ പങ്കെടുത്തതിന് 91 പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവർ അന്യസംസ്ഥാനങ്ങളിലോ സമീപ ജില്ലകളിലെ ബന്ധുവീടുകളിലോ ഉണ്ടാവാനാണ് സാധ്യത. അറസ്റ്റ് നടപടികൾ വേഗത്തിലാക്കാനും ജാമ്യമില്ലാ വാറന്‍റ് നടപ്പിലാക്കാനും കോടതിയെ സമീപിക്കും. ആരെയും ഒഴിവാക്കില്ല.'-സംഭൽ എസ്.പി കൃഷ്ണ കുമാർ ബിഷ്‌നോയ് പറഞ്ഞു.
അക്രമത്തിനിടെ എസ്.പിക്ക് നേരെ വെടിയുതിർത്ത അദ്‌നാൻ മുഹമ്മദിനെയും (30) മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞ സിക്ര ഖാത്തൂണിനെയും (45) അറസ്റ്റ് ചെയ്തതായി എസ്.പി കൃഷ്ണ കുമാർ ബിഷ്‌നോയ് പറഞ്ഞു. സംഭൽ എം.പി സിയാവുർ റഹ്മാൻ ഒന്നാം പ്രതിയും സുഹൈൽ മഹ്മൂദ് രണ്ടാം പ്രതിയുമാണ്. കൂടാതെ, ആറു പേരെയും തിരിച്ചറിയാത്ത 700-800 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭലിലെ മുഗൾ ഭരണകാലത്തെ ജമാ മസ്ജിദിൽ സർവേ നടക്കുന്നതിനിടെ പ്രദേശ വാസികൾ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം രണ്ടാമത്തെ തവണയായിരുന്നു സർവേ നടത്തിയത്. തുടക്കത്തിൽ ആളുകൾ തടിച്ചുകൂടുകയും പിന്നീട് അക്രമം രൂക്ഷമാവുകയുമായിരുന്നു. സർവേ ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി മാറ്റി.
സംഘർഷം രൂക്ഷമായതോടെയാണ് പൊലീസ് വെടിവെപ്പിൽ യുവാക്കൾ കൊല്ലപ്പെട്ടത്. മസ്ജിദ് ഉണ്ടായിരുന്നിടത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും അത് പൊളിച്ച് മുഗൾ ചക്രവർത്തി ബാബർ പള്ളി പണിയുകയായിരുന്നുവെന്നും കാണിച്ച് വിഷ്ണു ശങ്കർ ജയിൻ കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.