ബലാത്സംഗക്കേസ്‍ പ്രതി ആശാറാം ബാപ്പുവിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: 2013ലെ ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന് മെഡിക്കൽ കാരണങ്ങളാൽ മാർച്ച് 31വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷും രാജേഷ് ബിന്ദാലും അടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയതിനുശേഷം അനുയായികളെ കാണരുതെന്ന് ബെഞ്ച് ആശാറാമിന് നിർദേശം നൽകിയിട്ടുണ്ട്.

86 കാരനായ ആശാറാം ഹൃദ്രോഗത്തിന് പുറമെ വാർധക്യസഹജമായ പല ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ. 2023ൽ ഗാന്ധിനഗർ കോടതി തനിക്ക് വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന ആശാറാമിന്റെ ഹരജിയിൽ സുപ്രീംകോടതി ഗുജറാത്ത് സർക്കാറിന്റെ പ്രതികരണം തേടിയിരുന്നു. മെഡിക്കൽ കാരണങ്ങളാൽ മാത്രമേ വിഷയം പരിശോധിക്കൂ എന്നും സുപ്രീംകോടതി പറഞ്ഞു.

2024 ആഗസ്റ്റ് 29ന്, ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആശാറാമിന്റെ ഹരജി ഇളവു നൽകാനുള്ള സാഹചര്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈകോടതി നിരസിച്ചിരുന്നു.

ഗാന്ധിനഗറിനടുത്തുള്ള ആശ്രമത്തിൽ താമസിച്ചിരുന്ന ഒരു സ്ത്രീ സമർപ്പിച്ച 2013ലെ കേസിലാണ് ആശാറാം കുറ്റക്കാരനാണെന്ന് 2023 ജനുവരിയിൽ വിചാരണ കോടതി വിധിച്ചത്. മറ്റൊരു ബലാത്സംഗ കേസിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് ആശാറാം ഇപ്പോൾ കഴിയുന്നത്.

Tags:    
News Summary - Supreme Court grants rape convict and 'godman' Asaram bail till March 31 on medical grounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.