ന്യൂൽഹി: ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് സുരക്ഷ ഒരുക്കാൻ പഞ്ചാബ് പൊലീസിനെ നിയോഗിക്കണമെന്ന് ആം ആദ്മി പാർട്ടി (എ.എ.പി). ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് എ.എ.പി പഞ്ചാബ് യൂനിറ്റ് കോ-ഇൻചാർജും എം.എൽ.എയുമായ രാഘവ് ചദ്ദ കത്തയച്ചു.
കഴിഞ്ഞ ദിവസം സിംഗു അതിർത്തിയിലെ സമര ക്യാമ്പിനുനേരെ സംഘ് പരിവാർ ഒത്താശയോടെ നടന്ന അക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് ചദ്ദയുടെ ഇടപെടൽ. കർഷകർക്ക് നേരെ നടന്ന ആക്രമണം കൈയുംകെട്ടി നോക്കിനിന്ന ഡൽഹി പൊലീസ്, ഗുണ്ടകൾക്ക് സഹായം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രണ്ട് മാസമായി ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന സമരക്കാർക്ക് നേരെ ഇനിയും അക്രമത്തിന് സാധ്യതയുണ്ട്. ഇത് തടയാൻ പഞ്ചാബ് പൊലീസിനെ സമര ക്യാമ്പുകൾക്ക് ചുറ്റും നിയോഗിക്കണം. റോഡുകളിൽ കഴിയുന്ന കർഷകർക്ക് പഞ്ചാബ് സർക്കാർ ഉചിതമായ സുരക്ഷ ക്രമീകരണം ഏർപ്പെടുത്തണമെന്നും സമരകേന്ദ്രങ്ങൾ സന്ദർശിച്ച എം.എൽ.എ ആവശ്യപ്പെട്ടു.
കർഷകരെ ഭിന്നിപ്പിച്ച് സമരം ദുർബലമാക്കാനാണ് സർക്കാർ ശ്രമം. ജനുവരി 26ന് ചെങ്കോട്ടയിൽ നടന്ന നിർഭാഗ്യകരമായ സംഭവം സമരമുന്നേറ്റം തടയാനുള്ള മനപൂർവമായ ശ്രമമാണെന്നും രാഘവ് ചദ്ദ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.