ഗാന്ധിനഗർ: ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് പോലെ ഗുജറാത്തിനെ ആം ആദ്മി പാർട്ടി സ്വതന്ത്രമാക്കുമെന്ന് രാഘവ് ഛദ്ദ. ഗുജറാത്ത് പരിവർത്തൻ സത്യാഗ്രഹ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ ചുമതലക്കാരനായ രാഘവ് ഛദ്ദ.
ഗാന്ധിജിയുടെ സത്യാഗ്രഹം ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചിപ്പിച്ചതുപോലെ, ആം ആദ്മി പാർട്ടിയുടെ സത്യാഗ്രഹം 27 വർഷത്തെ ബി.ജെ.പിയുടെ ധാർഷ്ട്യ ഭരണത്തിൽ നിന്ന് ജനങ്ങളെ സ്വതന്ത്രരാക്കും -അദ്ദേഹം പറഞ്ഞു. .ജെ.പിയുടെ അഴിമതി ഭരണത്തിന്‍റെ അന്ത്യം കുറിക്കുന്നതിന് മുന്നോടിയാണ് ഗുജറാത്ത് പരിവർത്തൻ സത്യാഗ്രഹ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങളാണ് ആം ആദ്മി പാർട്ടി നടത്തുന്നത്. സംസ്ഥാനത്ത് രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ കെജ്‌രിവാൾ രാജ്കോട്ടിലെ ക്ഷേത്രം സന്ദർശിക്കവെ കുപ്പിയേറ് നടന്നിരുന്നു. എന്നാൽ, കുപ്പി അദ്ദേഹത്തിനുമേൽ പതിച്ചില്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ആം ആദ്മി പാർട്ടി എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമിക്കുമെന്നും, കച്ച് ജില്ലയുടെ എല്ലാ കോണുകളിലും നർമദാ ജലം എത്തിക്കുമെന്നും, 33 ജില്ലകളിലും സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രി നിർമിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ വാഗ്ദാനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.