ലഖ്നോ: അബ്ബാസ് അൻസാരിയെ ഉത്തർപ്രദേശിലെ ഗാസിപൂരിലെ കാസ്ഗഞ്ച് ജയിൽ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകാനൊരുങ്ങി കുടുംബം.
അബ്ബാസിനെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഉടൻ ഹരജി സമർപ്പിക്കുമെന്ന് അബ്ബാസ് അൻസാരിയുടെ കുടുംബം പറഞ്ഞു. ജയിലിൽ വെച്ച് കൊലപ്പെടുത്താൻ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ജയിൽ മാറ്റിയില്ലെങ്കിൽ അബ്ബാസ് അൻസാരിയുടെ ജീവന് ഭീഷണി ആണെന്നും സഹോദരൻ ഉമർ അൻസാരി പറഞ്ഞു. ജയിലിൽ അബ്ബാസ് അൻസാരിയുടെ സുരക്ഷ ഇനിയും വർധിപ്പിക്കണമെന്നും ഉമർ അൻസാരി പറഞ്ഞു.
അന്തരിച്ച ഗുണ്ടാ നേതാവും എം.എൽ.എയുമായിരുന്ന മുഖ്താർ അൻസാരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കാസ്ഗഞ്ച് ജയിലിൽ കഴിയുന്ന മകൻ അബ്ബാസ് അൻസാരിക്ക് സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഏപ്രിൽ 10ന് ഗാസിപൂർ ജയിലിലേക്ക് കൊണ്ടുവന്ന അബ്ബാസ് അൻസാരിക്ക് ഏപ്രിൽ 13 വരെ മുഖ്താർ അൻസാരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു സുപ്രീം കോടതി അനുമതി.
അതേസമയം മാർച്ച് 18 മുതൽ മാർച്ച് 28 വരെ മുഖ്താർ അൻസാരിക്ക് നൽകിയ മരുന്നുകളും ഭക്ഷണവും ചികിത്സയും സംബന്ധിച്ച് ജയിലിൽ നിന്ന് റിപ്പോർട്ട് തേടി മുഖ്താർ അൻസാരിയുടെ മകൻ ഉമർ അൻസാരി കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.