തെരഞ്ഞെടുപ്പിൽ വികസനവിഷയങ്ങൾ ചർച്ച ചെയ്യുന്ന, വികസനസ്വപ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടി ഉണ്ടെങ്കിൽ അത് ഭാരതീയ ജനത പാർട്ടി മാത്രമാണ്. മറ്റ് പാർട്ടികളൊക്കെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അവരുടെ തനിനിറം കാട്ടിത്തുടങ്ങിയിട്ടുണ്ട്. മതം, വിശ്വാസം, ഭക്ഷണം എന്നുവേണ്ട സകല നമ്പറുകളും അവർ ഇറക്കിത്തുടങ്ങി.
ഏറ്റവും ഒടുവിൽ സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി നരേന്ദ്ര മോദിയെ കണ്ണൂരിലെ മാടായിക്കാവിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. അവിടെ പ്രസാദമായി നൽകുന്നത് കോഴിയിറച്ചിയാണത്രെ. അതിന് മോദിജിയെന്ത് വേണം? മാടായിപ്പാറ വഴി രണ്ടു റൗണ്ട് ഓടണോ? വികസനത്തെക്കുറിച്ച് ചർച്ച ചെയ്യൂ, യെച്ചൂരി സാർ.
ശരിയാണ്, രാഹുൽ ഗാന്ധി കഴിഞ്ഞവർഷം ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ വെച്ച് മട്ടൻകറി കഴിച്ചതിനെ മോദിജി വിമർശിച്ചിട്ടുണ്ട്. അതിനെപ്പോലും വർഗീയതയുടെ കണ്ണിലൂടെയാണ് പ്രതിപക്ഷം നോക്കിക്കണ്ടത്. മട്ടൻകറി കഴിച്ചാൽ ആരുടേയും ആരോഗ്യം ഒന്ന് നന്നാവും.
പണ്ടാരോ പറഞ്ഞപോലെ രാഹുൽ ഗാന്ധി നന്നായാൽ അദ്ദേഹത്തിന്റെ കുടുംബം നന്നാവും. കുടുംബം നന്നായാൽ നാട് നന്നാവും. നാട് നന്നായാൽ രാജ്യം നന്നാവും. രാജ്യം നന്നായാൽ ലോകം നന്നാവും. അങ്ങനെ നന്നായ ലോകത്തിൽ ആ പാകിസ്താനും പെടില്ലേ? അങ്ങനെ രാഹുൽ മട്ടൻകറി കഴിച്ചിട്ട് പാകിസ്താൻ നന്നാവണ്ട എന്നേ മോദിജി കരുതിയുള്ളൂ. അതൊരു തെറ്റാ?
കഴിഞ്ഞവർഷം രാഹുൽ ഗാന്ധി ഭക്ഷണം കഴിച്ചതിനെപ്പറ്റി ഇപ്പോൾ പറയണോ എന്നാണ് ചില വിവരദോഷികൾ ചോദിക്കുന്നത്. രാജ്യത്ത് ആരെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ നോക്കിനിൽക്കുന്ന ശീലം മോദിജിക്കില്ല. നിങ്ങൾ കഴിച്ചുപോലും കഴിച്ചില്ലപോലും, അതൊക്കെ നിങ്ങടെ സ്വാതന്ത്ര്യം.
നോക്കൂ, 2022ൽ ആഗോള വിശപ്പ് സൂചികയിൽ ഭാരതം നൂറ്റിയേഴാം സ്ഥാനത്തായിരുന്നു. എന്നാൽ അതിൽനിന്നും വികസിക്കണമെന്നേ മോദിജി ആഗ്രഹിച്ചുള്ളൂ. മാത്രമല്ല നമുക്കൊരു ഫാൻസി നമ്പർ തന്നെ വേണമെന്നുമുള്ള മോദിജിയുടെ ദാഹം കൊണ്ടുകൂടിയാണ് 2023ൽ വിശപ്പ് സൂചികയിൽ നാം നൂറ്റിപതിനൊന്നാം സ്ഥാനത്ത് എത്തിയത്.
പെട്രോൾ മേഖല, ഡീസൽ മേഖല, പാചകവാതക മേഖല, വിദ്വേഷ-വ്യാജ പ്രചാരണ മേഖല, അങ്ങനെ സർവമേഖലകളിലുമുള്ള വികസനം മാത്രമാണ് ലക്ഷ്യം. കഴിഞ്ഞ പത്തുവർഷം കണ്ടത് ട്രെയിലർ മാത്രമാണെന്ന് മോദിജി പറഞ്ഞുകഴിഞ്ഞു. ആദ്യത്തെ അഞ്ചുവർഷം ഭ്രമയുഗം.
പിന്നത്തെ അഞ്ചുവർഷം ആടുജീവിതം. യഥാർഥ വികസനത്തിന്റെ കുതിപ്പ് അടുത്ത വർഷങ്ങളിൽ കാണാനിരിക്കുന്നതേയുള്ളൂ. നല്ലൊരു അഭിനേതാവായതിനാൽ അദ്ദേഹം സിനിമയുടെ ഭാഷയിൽ പറഞ്ഞെന്ന് മാത്രം. കാര്യം ഇത്രയേയുള്ളൂ, അടി തുടങ്ങിയിട്ടില്ല, വടി വെട്ടാൻ പോയിട്ടേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.