ന്യൂഡൽഹി: ബോളിവുഡ് നടൻ സോനു സൂദ് 20 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്. സോനു സൂദിന്‍റെ വീട്ടിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ റെയ്ഡിനൊടുവിലാണ് ആദായ നികുതി വകുപ്പിന്‍റെ പ്രസ്താവന. ഡൽഹിയിൽ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുമായി സഹകരിക്കുകയാണെന്ന് സോനു സൂദ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആദായ നികുതി പരിശോധന.
സോനു സൂദിന്‍റെ നേതൃത്വത്തിലുള്ള എൻ.ജി.ഒ വിദേശരാജ്യത്ത് നിന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ 2.1 കോടി സ്വരൂപിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. റെയ്ഡിൽ നികുതിവെട്ടിപ്പിന് സാധൂകരണം നൽകുന്ന തെളിവുകൾ ലഭ്യമായിട്ടുണ്ട്. കടലാസ് കമ്പനികളിൽ നിന്നും വായ്പയെടുത്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് പറയുന്നു.
ഇത്തരത്തിൽ യഥാർഥമല്ലാത്ത 20ഓളം ഇടപാടുകൾ സോനു സൂദ് നടത്തിയിട്ടുണ്ട്. എത്രത്തോളം നികുതി സോനു സൂദ് വെട്ടിച്ചുവെന്നതിനെ സംബന്ധിച്ച് ഇപ്പോൾ പറയാനാകില്ല. എങ്കിലും 20 കോടിയുടെ നികുതിവെട്ടിപ്പെങ്കിലും സോനു സൂദ് നടത്തിയിട്ടുണ്ടെന്നാണ് അനുമാനമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. കോവിഡുകാലത്ത് സോനു സൂദ് നടത്തിയ പ്രവർത്തനങ്ങൾ വലിയ രീതിയിലുള്ള പ്രശംസ പിടിച്ചു പറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.