മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച വിവാദ പരാമർശങ്ങളിൽ കങ്കണ റണാവത്തിന് പിന്തുണയുമായി മറാത്ത നടൻ വിക്രം ഗോഖലേ. ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത് 2014ൽ മോദി അധികാരത്തിൽ എത്തിയതിനെ തുടർന്നാണെന്നും 1947ൽ ലഭിച്ചത് ഭിക്ഷ ആയിരുന്നുവെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമർശം.
'കങ്കണയുടെ പരാമർശത്തോട് ഞാൻ യോജിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിലേറ്റിയപ്പോൾ പലരും വെറും കാഴ്ചക്കാരായിരുന്നു. അവരിൽ പല മുതിർന്ന നേതാക്കളും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ അവർ രക്ഷിച്ചില്ല' -ഗോഖലേ മഹാരാഷ്ട്രയിൽ നടന്ന പരിപാടിയിൽ പറഞ്ഞു.
ത്രിപുരയിലെ വർഗീയ കലാപങ്ങളെ തുടർന്ന് മഹാരാഷ്ട്രയിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങളെ കുറിച്ചും നാടക പ്രവർത്തകനും ടി.വി നടനുമായ ഗോഖലേ പ്രതികരിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണ് വർഗീയ ലഹളകളെന്ന് നടൻ പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതിക്കായി ബി.ജെ.പിയും ശിവസേനയും വീണ്ടും ഒരുമിക്കണമെന്നും ഗോഖലേ ആവശ്യപ്പെട്ടു.
വിവാദ പരാമർശത്തിന് പിന്നാലെ കങ്കണക്ക് നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിത കമീഷൻ അധ്യക്ഷ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. കങ്കണയുടെ മാനസിക നില തെറ്റാണെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കത്തിൽ അവർ വിവരിച്ചു. തനിക്ക് യോജിക്കാൻ കഴിയാത്ത ആളുകളെ മോശമായ ഭാഷയിൽ ആക്രമിക്കുന്ന കങ്കണ സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് നേരെ വിഷം ചീറ്റാറുണ്ടെന്നും സ്വാതി കത്തിൽ വിവരിച്ചു.
രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച ബോളിവുഡ് താരം കങ്കണ റണാവത്തിന് നൽകിയ പത്മശ്രീ പുരസ്കാരം ഉടൻ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. യാചിച്ചവർക്ക് മാപ്പ് കിട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തത്.
നടിക്ക് ലഭിച്ച പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദേശീയ മഹിളാ കോൺഗ്രസ് പ്രസിഡന്‍റിന് കത്തയച്ചിരുന്നു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാൾ പത്മശ്രീ പുരസ്കാരത്തിന് അർഹതയില്ലെന്ന് കത്തിൽ പറയുന്നു.
മുതിർന്ന കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമയും കങ്കണക്ക് നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രാജ്യം പത്മ പുരസ്കാരം നൽകി ആദരിക്കുന്നതിന് മുൻപ് ഇത്തരക്കാരുടെ മനോനില പരിശോധിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തെ അവഹേളിക്കുന്ന ഇത്തരം പ്രസ്താവനകൾ വീണ്ടും ഉണ്ടാകുമെന്നും ആനന്ദ് ശർമ പറഞ്ഞു. രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളെ കങ്കണ അപമാനിച്ചിരിക്കുകയാണ്. രാജ്യത്തെ അപമാനിച്ച താരം പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കങ്കണ റണാവത്തിന്‍റെ പരാമർശം തീർത്തും തെറ്റാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.നടി പറഞ്ഞത് പൂർണമായും തെറ്റാണ്. "രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള കങ്കണ റണാവത്തിന്‍റെ അഭിപ്രായം തീർത്തും തെറ്റാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നിഷേധാത്മക പരാമർശം നടത്താൻ ആർക്കും അവകാശമില്ല," പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടിയെ ഇതു പറയിക്കാൻ ഉണ്ടായ കാരണം എന്തെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കങ്കണയുടെ വിവാദ പരാമർശത്തിനെതിരെ ആം ആദ്മി പാർട്ടിയും രംഗത്തെത്തി. കങ്കണയുടെ പരാമർശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന് ആം ആദ്മി പാർട്ടിയുടെ ദേശിയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രീതി ശർമ മേനോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.