ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ യു.എസ് ഷോർട്ട് സെല്ലിങ് സ്ഥാപനം ഹിൻഡൻബർഗിന്റെ റിപ്പോർട്ട് സംബന്ധിച്ച ഹരജി പരിഗണിച്ച് സുപ്രീംകോടതി. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപകർക്ക് പണം നഷ്ടമാവുന്നത് തടയാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയോടായിരുന്നു സുപ്രീംകോടതി ചോദ്യം. അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് സെബി കോടതിക്ക് മറുപടി നൽകി.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സെബിക്കായി കോടതിയിൽ ഹാജരായത്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തിനും സെബിക്കും കോടതി നിർദേശം നൽകി. ഇതിനായി ഒരു വിദഗ്ധസമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കോടതി പരിഗണിച്ചത്.
അദാനി ഗ്രൂപ്പിനെതിരായ ‘ഹിൻഡൻബർഗ്’ അന്വേഷണ റിപ്പോർട്ട് റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള സമിതി അന്വേഷിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. അഭിഭാഷകരായ വിശാൽ തിവാരി എം.എൽ ശർമ്മ എന്നിവരാണ് ഹരജി നൽകിയത്. ‘ഹിൻഡൻബർഗ്’ റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയും വൻ നഷ്ടത്തിന് കാരണമാവുകയും ചെയ്തെന്ന് തിവാരി പറഞ്ഞു. കോർപറേറ്റുകൾക്ക് 500 കോടിയിൽ കൂടുതലുള്ള വായ്പ അനുവദിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതിയുണ്ടാക്കുന്നതിന് നിർദേശം നൽകണമെന്നും തിവാരിയുടെ പൊതുതാൽപര്യ ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.