മുംബൈ: അദാനി, സവർക്കർ വിഷയങ്ങളിൽ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ വ്യത്യസ്ത നിലപാടിൽ പ്രതിരോധത്തിലായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ.എൻ.ഡി.ടിവി അഭിമുഖത്തിൽ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞും അദാനിയെ പിന്തുണച്ചും പവാർ രംഗത്ത്വന്നതോടെയാണ് പ്രതിപക്ഷ പാർട്ടികൾ കുരുക്കിലായത്. മഹാരാഷ്ട്രയിലെ ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, കോൺഗ്രസ് കൂട്ടുകെട്ടിലെ മഹാവികാസ് അഗാഡിയാണ് ഏറെ പ്രതിസന്ധിയിലായത്.
പവാറിന്റെ അപ്രതീക്ഷിത നിലപാട് രാഷ്ട്രീയത്തിൽ എന്തൊ മാറ്റമുണ്ടാകാൻ പോകുന്നുവെന്ന ആശങ്കക്കും വഴിവെച്ചു. എൻ.സി.പി നേതാവും പ്രതിപക്ഷനേതാവുമായ അജിത് പവാർ വെള്ളിയാഴ്ച ഫോൺ ഓഫ് ചെയ്ത് ‘അജ്ഞാതവാസ’ത്തിലായത് അതിന് ആക്കംകൂട്ടി. പവാറിന്റെ നിലപാട് പ്രതിപക്ഷത്തിന് എതിരെ ബി.ജെ.പിക്ക് പിടിവള്ളിയായി. അദാനി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പവാറിനെ മാനിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന വിമതനുമായ ഏക്നാഥ് ഷിൻഡെ പറഞ്ഞു.
എന്നാൽ, അദാനി വിഷയത്തിലെ തന്റെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് വ്യക്തമാക്കി പവാർ ശനിയാഴ്ച രംഗത്തുവന്നു. പല പാർട്ടികൾ ഒന്നിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികം. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സവർക്കർ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ചർച്ചയിലൂടെ അത് പരിഹരിക്കപ്പെട്ടു.
ഭിന്നാഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. തന്റെ കാഴ്ചപ്പാട് പറഞ്ഞുവെന്നേയുള്ളൂ. അദാനിയെ വാഴ്ത്തുകയല്ല തന്റെ ബോധ്യം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്- പവാർ പറഞ്ഞു. അദാനി ഗ്രൂപ്പിനെ ബോധപൂർവം ലക്ഷ്യമിടുകയാണെന്നാണ് പവാർ അഭിമുഖത്തിൽ പറഞ്ഞത്. അദാനി കമ്പനിയിലെ 20,000 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ച് അറിയില്ലെന്നും ബോധ്യമാകാത്ത വിഷയം സംസാരിക്കാറില്ലെന്നും പവാർ പറഞ്ഞു.
സംയുക്ത പാർലമെന്ററി സമിതി സർക്കാറിന്റെ നിഴലിലാവുകയും സമിതിയിൽ ഭരണപക്ഷത്തിന് മേൽക്കോയ്മ ഉണ്ടാവുകയും ചെയ്യുമെന്നതിനാലാണ് അദാനി വിഷയം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി മതിയെന്ന് പറയുന്നത് -പവാർ വ്യക്തമാക്കി. ഒരു വിഷയത്തിൽ കൂട്ടമായി തീരുമാനമെടുത്താൽ എല്ലാ കക്ഷികളും അതിൽ ഉറച്ചു നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു. അദാനി കാര്യത്തിൽ പ്രതിപക്ഷ കക്ഷികളിൽ പവാറിന് മാത്രമാണ് ഭിന്നാഭിപ്രായമെന്ന് ജയറാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.