അദാനി-സോറോസ്: പോർമുഖമായി പാർലമെന്റ്

ന്യൂഡൽഹി: പാർലമെന്ററി ചരിത്രത്തിലെ അസാധാരണ നീക്കത്തിൽ ഭരണപക്ഷം തുടർച്ചയായി മൂന്നാം ദിവസവും പാർലമെന്റ് സ്തംഭിപ്പിച്ചു. കോൺഗ്രസും പ്രതിപക്ഷവും ഉയർത്തിയ അദാനി വിവാദത്തെ നേരിടാൻ ജോർജ് സോറോസ് വിവാദം പരിചയാക്കിയാണ് ബി.ജെ.പി പാർലമെന്റ് സ്തംഭിപ്പിച്ചത്.

ലോക്സഭയിൽ ജോർജ് സോറോസ് - കോൺഗ്രസ് ബന്ധം ഉന്നയിച്ച ബി.ജെ.പി മൂന്നാം ദിവസവും അതേ വിഷയവുമായി വന്നതിനെതിരെ കോൺഗ്രസ് എം.പിമാർ എഴുന്നേറ്റപ്പോഴേക്കും സ്പീക്കർ ഓം ബിർള സഭ നിർത്തിവെച്ചു.

രാജ്യസഭയിലാകട്ടെ ഭരണപക്ഷത്തിന്റെ ബഹളത്തിനിടയിൽ ശൂന്യവേളയിലേക്കും ചോ​ദ്യോത്തര വേളയിലേക്കും ബിൽ അവതരണത്തിലേക്കും കടക്കാതെ, സോറോസിന് സോണിയയുമായും കോൺഗ്രസുമായും ബന്ധമുണ്ടെന്ന് ആരോപിക്കാൻ ഒരു ഡസനിലേറെ ബി.​ജെ.പി നേതാക്കളെ അനുവദിച്ച ശേഷമാണ് ചെയർമാൻ ജഗ്ദീപ് ധൻഖർ സഭാ നടപടികൾ നിർത്തിവെച്ചത്.

അജണ്ട നിർത്തിവെച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾക്ക് ഒപ്പം ബി.ജെ.പി എം.പിമാർ കോൺഗ്രസ് - ​സോറോസ് ബന്ധം ചർച്ച ചെയ്യാനും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അടിയന്തര ചർച്ചക്കായി ചട്ടം 267 പ്രകാരം നൽകിയ നോട്ടീസ് ചെയർമാൻ തള്ളി.

അതിനുശേഷമാണ് അസാധാരണ നടപടിയിൽ ഭരണപക്ഷത്തെ ഓരോ എം.പിമാരെയും പേരെടുത്തുവിളിച്ച് സോറോസ് -കോൺഗ്രസ് ബന്ധം ആരോപിക്കാൻ ചെയർമാൻ അവസരം നൽകിയത്.

ഇതിനിടയിൽ തനിക്ക് അവസരം നൽകാതെ സഭ നിർത്തിവെക്കാൻ തുനിഞ്ഞ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ​കൊമ്പുകോർത്തു.

എഴുന്നേറ്റുനിന്ന ബി.ജെ.പി, എൻ.ഡി.എ നേതാക്കൾക്കെല്ലാം ജോർജ് സോറോസ് ഉന്നയിക്കാൻ അവസരം കൊടുത്ത ശേഷം പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ വിളിച്ച ജഗ്ദീപ് ധൻഖർ രണ്ടുതവണയും അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും സഭ നിർത്തിവെക്കാൻ തുനിഞ്ഞതാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനിടയാക്കിയത്.

ബി.ജെ.പി നേതാക്കളായ സുധാൻഷു ത്രിവേദി, അരുൺ സിങ്​, ദിനേശ് ശർമ, ലക്ഷ്മികാന്ത് വാജ്പേയി, ഡോ. കെ. ലക്ഷ്മൺ, ബ്രിജ് ലാൽ, നൗരജ് ശേഖർ, കലിത, ജനതാദൾ- യു നേതാവ് സഞ്ജയ് ഝാ തുടങ്ങിയവർക്കെല്ലാം അവസരം നൽകിയ ശേഷമായിരുന്നു ആദ്യ തവണ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കാതെ ചെയർമാൻ നടപടി നിർത്തിവെക്കാൻ തുനിഞ്ഞത്.

അതിനിടെ, പക്ഷപാതപരമായി പ്രവർത്തിക്കുന്ന രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻഖറെ തൽസ്ഥാനത്തുനിന്ന്​ നീക്കണമെന്ന് ആവശ്യപ്പെടുന്ന അവിശ്വാസ പ്രമേയവുമായി കോൺഗ്രസ് മുന്നോട്ടുപോകും. പ്രമേയം പാസാക്കാനുള്ള വോട്ടുബലം സഖ്യത്തിനില്ലെങ്കിലും പ്രതിഷേധമെന്ന നിലയിലാണ് രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഉപരാഷ്​ട്രപതിക്കെതിരെ അവിശ്വാസ പ്രമേയം വരുന്നത്.

ബി.ജെ.പി ആരോപണങ്ങൾ

  • ജ​നാ​ധി​പ​ത്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യം വെ​ച്ച് 1994ൽ ​സ്ഥാ​പി​ച്ച സ​ർ​ക്കാ​റേ​ത​ര വേ​ദി​യാ​യ ‘ഫോ​റം ഓ​ഫ് ​ഡ​മോ​​ക്രാ​റ്റി​ക് ലീ​ഡേ​ഴ്സ് ഇ​ൻ ഏ​ഷ്യ - പ​സ​ഫി​കി’​ന്റെ കോ- ​പ്ര​സി​ഡ​ന്റു​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി. ജോ​ർ​ജ് സോ​റോ​സ് ഈ ​കൂ​ട്ടാ​യ്മ​ക്ക് ഫ​ണ്ട് ചെ​യ്തി​ട്ടു​ണ്ട്. അ​തി​നാ​ൽ സോ​ണി​യ ഗാ​ന്ധി​ക്ക് സോ​റോ​സി​ന്റെ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ട്.
  • സോ​ണി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ എ​ന്ന എ​ൻ.​ജി.​ഒ​ക്ക് സോ​റോ​സു​മാ​യി ബ​ന്ധ​മു​ണ്ട്.
  • രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡാ യാ​ത്ര​ക്ക് സോ​റോ​സു​മാ​യി ബ​ന്ധ​മു​ള്ള ഫൗ​ണ്ടേ​ഷ​ൻ ഫ​ണ്ട് ചെ​യ്തി​ട്ടു​ണ്ട്.
  • വി​ദേ​ശ സ​ർ​ക്കാ​റു​ക​ളെ​യും സ​മ്പ​ദ്ഘ​ട​ന​ക​ളെ​യും അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന അ​മേ​രി​ക്ക​ൻ മു​ത​ലാ​ളി​യാ​ണ് ജോ​ർ​ജ് സോ​റോ​സ്.
  • സോ​റോ​സി​ന്റെ ഫൗ​ണ്ടേ​ഷ​ൻ ക​ശ്മീ​രി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തെ​യും വേ​റി​ട്ട അ​സ്തി​ത്വ​ത്തെ​യും പി​ന്തു​ണ​ക്കു​ന്നു.
Tags:    
News Summary - Adani-Soros- Parliament as a gateway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.