ന്യൂഡൽഹി: അദാനി കമ്പനിയുടെ ചൈനീസ് നിക്ഷേപം രാജ്യസുരക്ഷയെയും പരമാധികാരത്തെയും അപകടത്തിൽപ്പെടുത്തുമെന്ന ഗൗരവമേറിയ ആരോപണവുമായി കോൺഗ്രസ് കമ്യൂണിക്കേഷൻസ് വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പ്രത്യേക സൗഹൃദങ്ങൾ’ കാരണം ഇവ രണ്ടും രാജ്യം ത്യജിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
‘ഇന്ത്യയുടെ വിദേശനയ താൽപര്യങ്ങൾ അദാനി ഗ്രൂപ്പിന്റെ വാണിജ്യ താൽപര്യങ്ങൾക്ക് വിധേയമാക്കുന്നത് ആഗോളതലത്തിൽ രാജ്യത്തെ വൻ തിരിച്ചടികളിലേക്ക് നയിച്ചു. വിദേശനയത്തിന് പുറമെ ചൈനയുമായുള്ള ‘മോദാനി’യുടെ വിദേശ നിക്ഷേപങ്ങളും ഇന്ത്യയുടെ ദേശീയ സുരക്ഷയെ അപായപ്പെടുത്തുന്നതിലേക്ക് കൊണ്ടെത്തിക്കും’ -അദ്ദേഹം പറഞ്ഞു. സപ്ലൈ ചെയിൻ സൊല്യൂഷനും പ്രോജക്റ്റ് മാനേജ്മെന്റ് സേവനങ്ങളും നൽകുന്ന ബിസിനസിനായി അദാനി ഗ്രൂപ് ചൈനയിൽ അനുബന്ധ കമ്പനി രൂപവത്കരിച്ചുവെന്ന വാർത്തക്ക് പിന്നാലെയാണ് ഗുരുതര ആരോപണങ്ങൾ.
ചൈനക്ക് 2020 ജൂൺ 19ന് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകി. അത് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ഏറ്റവും വിനാശകരമായ പ്രസ്താവനകളിലൊന്നായിരുന്നുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. പദവിയുടെ പവിത്രത ഇല്ലാതാക്കിയ വലിയ നുണയായിരുന്നു അത്. ഇന്ത്യൻ പ്രദേശത്തേക്കുള്ള തുടർച്ചയായ അവരുടെ കൈയേറ്റം നിഷേധിക്കാനും തുടർന്നും നടത്താനും ഇത് ചൈനയെ പ്രാപ്തമാക്കി. അനിയന്ത്രിതമായ ചൈനീസ് ഇറക്കുമതി, നിക്ഷേപം, കുടിയേറ്റം എന്നിവയുടെ അപകടസാധ്യതകളിൽ സർക്കാർ അശ്രദ്ധരായി. അദാനി ഗ്രൂപ് ചൈനയിൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടതോടെ ചൈനക്കുള്ള മോദിയുടെ അന്നത്തെ ക്ലീൻചിറ്റ് ‘പിന്തുണക്കത്ത്’ ആയി മാറാൻ പോവുകയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.