കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന പരാതിയുമായി സി.പി.എമ്മും രംഗത്ത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ് ബംഗാളിലെ സ്ഥിതി സംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്. തൃണമൂൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങളുണ്ടായെന്ന റിപ്പോർട്ടുകൾ പശ്ചിമബംഗാളിൽ നിന്ന് പുറത്ത് വരുന്നുണ്ടെന്ന് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
അക്രമസംഭവങ്ങളെ അപലപിക്കുന്നു. ഇത്തരം സംഭവങ്ങളെ എതിർക്കുകയും പ്രതിരോധിക്കുകയും വേണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പകരം അക്രമം നടത്തുകയാണ് തൃണമൂൽ ചെയ്യുന്നത്. എന്നാൽ ജനങ്ങൾക്ക് സഹായം നൽകാൻ സി.പി.എം എപ്പോഴും അവർക്കൊപ്പമുണ്ടാകുമെന്നും യെച്ചൂരി ട്വിറ്ററിൽ വ്യക്തമാക്കി.
നേരത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ച് വിടുകയാണെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ആറോളം വരുന്ന പ്രവർത്തകർ തൃണമൂൽ അക്രമത്തിൽ കൊല്ലപ്പെട്ടുവെന്നും വീടുകളും പാർട്ടി ഓഫീസുകളും വ്യാപകമായി തകർത്തുവെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബംഗാളിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.