ഭുവനേശ്വർ: ഒഡിഷയിൽ എം.പി ഉൾപ്പെടെ രണ്ട് റഷ്യക്കാർ മരിച്ചതിൽ ദുരൂഹത തുടരുന്നതിനിടെ കാണാതായ റഷ്യൻ ആക്ടിവിസ്റ്റിനെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. യുക്രെയ്ൻ യുദ്ധവിരുദ്ധ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ റഷ്യൻ പൗരനായ ആൻഡ്രു ഗ്ലാഗോർവിനെയാണ് ശനിയാഴ്ച ഭുവനേശ്വർ റെയിൽവേ സ്റ്റേഷനടുത്തുള്ള മാർക്കറ്റിൽനിന്ന് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം വിസ കാലാവധി തീർന്നതിനെ തുടർന്ന് ഇന്ത്യയിൽ അഭയം നൽകാൻ യു.എന്നിന് അപേക്ഷ സമർപ്പിച്ചിരിക്കുകയായിരുന്നുവെന്ന് റെയിൽവേ പൊലീസ് ഇൻ ചാർജ് ജാദവ് ബിശ്വജിത്ത് പറഞ്ഞു.
എം.പിയും വ്യവസായിയുമായ പവൽ ആന്റോവ്, സഹയാത്രികൻ വ്ലാദിമിർ ബിഡെനോവ് എന്നിവരുടെ മരണത്തിനുശേഷം യുദ്ധവിരുദ്ധ പ്ലക്കാർഡ് പിടിച്ച് നിൽക്കുന്ന ആൻഡ്രു ഗ്ലാഗോർവിന്റെ ഫോട്ടോ വൈറലായിരുന്നു. റഷ്യൻ അഭയാർഥിയാണെന്നും യുദ്ധവിരുദ്ധനായ താൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് എതിരാണെന്നും വീടില്ലാത്ത തന്നെ സഹായിക്കണമെന്നും എഴുതിയ പ്ലക്കാർഡായിരുന്നു ഇയാൾ ഉയർത്തിക്കാണിച്ചിരുന്നത്.
പവൽ ആന്റോവ് ഡിസംബർ 24ന് ഹോട്ടലിന്‍റെ മൂന്നാം നിലയിൽനിന്ന് വീണുമരിക്കുകയായിരുന്നു. ബിഡെനോവിനെ 22ന് റൂമിലും മരിച്ചനിലയിൽ കണ്ടെത്തി. പിന്നാലെ ആൻഡ്രു ഗ്ലാർഗോവിനെ കാണാതായത് ദുരൂഹത വർധിപ്പിച്ചു. തുടർന്ന് പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷനടുത്തുള്ള മാർക്കറ്റിൽനിന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.