ഭോപ്പാൽ: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനു പിന്നാലെ മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ് കെട്ടിടത്തിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സർവേ നടത്താൻ കോടതി ഉത്തരവ്. ധാർ ജില്ലയിലുള്ള കമൽ മൗല മസ്ജിദിനായി വർഷങ്ങളായി ഹിന്ദുത്വ സംഘടനകൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ഹിന്ദു ഫ്രണ്ടിനുവേണ്ടി അഭിഭാഷകൻ വിഷ്ണു ശങ്കർ നൽകിയ ഹരജിയിലാണ് മധ്യപ്രദേശ് ഹൈകോടതി സർവേക്ക് ഉത്തരവിട്ടത്. വർഷങ്ങളായി മുസ്ലിംകൾ പ്രാർഥന നടത്തിവരുന്ന മസ്ജിദും പരിസരവും സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദുത്വ ശക്തികൾ അവകാശപ്പെടുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ അജ്ഞാത സംഘം മസ്ജിദ് നിൽക്കുന്ന കെട്ടിടത്തിനകത്ത് സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
പിന്നാലെ മസ്ജിദ് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ശാസ്ത്രീയ പരിശോധന നടത്തി ഏപ്രിൽ 29നകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസുമാരായ എസ്.എ. ധർമാധികാരി, ദേവ് നാരായൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. ഗ്രൗണ്ട് പെനട്രേഷൻ റഡാർ സിസ്റ്റവും കാർബൺ ഡേറ്റിങ്ങും ഉൾപ്പെടെ എല്ലാ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതിന് എ.എസ്.ഐക്ക് കോടതി നിർദേശം നൽകി.
സർവേയിൽ മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്ന് തെളിഞ്ഞാൽ നിത്യപൂജ നടത്താനുള്ള അവകാശം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
13-14 നൂറ്റാണ്ടുകളിൽ അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് പുരാതന ഹിന്ദുക്ഷേത്രം തകർത്താണ് കമാൽ മൗല പള്ളിയുണ്ടാക്കിയതെന്നാണ് ഹരജിയിലെ വാദം. 11ാം നൂറ്റാണ്ടിൽ നിർമിച്ച ഭോജ്ശാല എ.എസ്.ഐ സംരക്ഷിത കെട്ടിടമാണ്. ഇത് വാഗ്ദേവി (സരസ്വതി) ക്ഷേത്രമാണെന്ന് ഒരു വിഭാഗം കരുതുന്നു. തർക്കത്തെ തുടർന്ന്, 2003ലുണ്ടാക്കിയ ധാരണ പ്രകാരം ഭോജ്ശാല സമുച്ചയത്തിൽ ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾ പൂജ നടത്തും. വെള്ളിയാഴ്ചകളിൽ മുസ്ലിംകൾ നമസ്കാരവും നിർവഹിക്കും. ഭോജ്ശാല സമുച്ചയം പൂർണമായി ശാസ്ത്രീയ രീതിയിൽ സർവേയും ഖനനവും നടത്തണമെന്നാണ് ജസ്റ്റിസുമാരായ സുശ്രൂത് അരവിന്ദ് ധർമാധികാരി, ദേവനാരായൺ മിശ്ര എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവിലുള്ളത്.
പുരാതന ആരാധനാലയങ്ങളുടെ സംരക്ഷണം മാത്രമല്ല, ആത്മീയ പ്രാധാന്യമുള്ള വിഗ്രഹങ്ങൾ, ശ്രീകോവിൽ തുടങ്ങിയവ കാത്തുസൂക്ഷിക്കേണ്ട ഭരണഘടന ബാധ്യതയും സർക്കാറിനുണ്ടെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. സമുച്ചയത്തിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ കാരണം ഒരുപാട് വിവാദങ്ങൾ ഊതിപ്പെരുപ്പിച്ച അവസ്ഥയിലായിട്ടുണ്ട്. അതിനെല്ലാം പരിഹാരമുണ്ടാകണം-ബെഞ്ച് തുടർന്നു.
ശാസ്ത്രീയ അന്വേഷണത്തിനും ഖനനത്തിനും മറ്റുമായി വിദഗ്ധ സമിതിയുണ്ടാക്കണമെന്നും ഇക്കാര്യത്തിൽ ആറാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. സമുച്ചയത്തിലെ മുദ്രവെച്ച എല്ലാ മുറികളും തുറന്നു പരിശോധിക്കണം. ഹാളിലുൾപ്പെടെ എല്ലായിടത്തുമുള്ള കൊത്തുപണികൾ, വിഗ്രഹങ്ങൾ, സമുച്ചയ ഘടന തുടങ്ങിയവയും പരിശോധിക്കണം -കോടതി എ.എസ്.ഐയോട് ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ സമാന രീതിയിൽ സർവേ നടത്താൻ കോടതി ഉത്തരവിടുകയും തുടർന്ന് സർവേക്ക് പിന്നാലെ പൂജ ആരംഭിക്കുകയും ചെയ്തത് രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. ഗ്യാൻവാപി സമുച്ചയ നിലവറയിൽ ഹിന്ദുവിഭാഗത്തിന് ആരാധനക്കുള്ള അനുമതി നൽകിയ വാരാണസി ജില്ല ജഡ്ജി എ.കെ. വിശ്വേശ്വയെ വിരമിച്ച ശേഷം ഡോ. ശകുന്തള മിശ്ര നാഷനൽ റിഹാബിലിറ്റേഷൻ സർവകലാശാല ലോക്പാലായി യു.പി സർക്കാർ നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.