എല്ലാ മെഡിക്കൽ കോളജുകളിലും ധന്വന്തരി പൂജ നടത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: എം.ബി.ബി.എസ് പാഠപുസ്തകങ്ങൾ ഹിന്ദിയിലാക്കിയതിന് പിന്നാലെ എല്ലാ മെഡിക്കൽ കോളജുകളിലും ധന്വന്തരി പൂജ നടത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് പൂജ നടത്തുന്നത്. ഗണേശോത്സവത്തിന് സമാനമായി എല്ലാ വർഷവും ധനത്രയോദശി ദിവസം (ദീപാവലി ആഘോഷത്തിന്‍റെ ആദ്യ ദിവസം) സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ധന്വന്തരി പൂജ നടത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.

'ഭഗവവാൻ ധന്വന്തരിയെ പൂജിക്കുന്നതിലൂടെ നമ്മൾ പ്രാർഥിക്കുന്നത് നമ്മുടെയും മറ്റുള്ളവരുടേയും ആരോഗ്യത്തിനാണ്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും ധന്വന്തരി പൂജ നടത്തും. എല്ലാ ഡോക്ടർമാരും വിദ്യാർഥികളും മറ്റ് ജീവനക്കാരും പൂജയിൽ പങ്കെടുക്കുകയും എല്ലാവരുടേയും ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യും.'-വിശ്വാസ് സാരംഗ് പറഞ്ഞു. മധ്യപ്രദേശിനെ ആരോഗ്യമുള്ള സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളജുകളിൽ ധന്വന്തരി പൂജ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്‍റെ ഹിന്ദി പതിപ്പ് ഞായറാഴ്ച മധ്യപ്രദേശ് സർക്കാർ പുറത്തിറക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തത്. എം.ബി.ബി.എസ് പഠനം ഹിന്ദിയിലാക്കാനുള്ള മധ്യപ്രദേശ് സർക്കാറിന്‍റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രശംസിച്ചിരുന്നു. മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി എന്നീ പുസ്തകങ്ങളുടെ വിവർത്തനം ചെയ്ത പതിപ്പുകൾ 97 ഡോക്ടർമാരുടെ സമിതി ഒമ്പത് മാസത്തോളമെടുത്താണ് തയാറാക്കിയത്.

Tags:    
News Summary - After Hindi textbooks, Dhanvantari Puja in M.P. medical colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.